‘2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഉന്നത ഉദ്യോഗസ്ഥ’യെന്ന് പ്രചരണം; ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു, ഒരേ സമയം രണ്ട് ഭർത്താക്കന്മാർ, ശ്രീതുവിനെ ഉടൻ അറസ്റ്റ് ചെയ്യും

ബാലരാമപുരം: 2 വയസ്സുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ തൊഴിൽ തട്ടിപ്പ് ആരോപണങ്ങളും. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ശ്രീതു പലരിൽ നിന്നും പണം വാങ്ങിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതുവിനെ ഉടന്‍ അറസ്റ്റ് ചെയ്യും.
.
ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താൻ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്നും വാഗ്ദാനം നൽകി ശ്രീതു പണം തട്ടിയതായി മൂന്നുപേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരിൽനിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു.  നിരവധി പേരില്‍ നിന്ന് ശ്രീതു പണം വാങ്ങിയതായി പരാതിയുണ്ടായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിൽ ശ്രീതുവിനെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ട്. BNS 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ശ്രീതുവിനെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രിയും ശ്രീതുവിനെ ചോദ്യം ചെയ്തിരുന്നു.
.
പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നൽകാനായി ജ്യോത്സ്യൻ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ശ്രീതുവിനെതിരെ ദേവീദാസനും പൊലീസിനു മൊഴി നൽകി. ആറേഴു മാസം മു‍ൻപ് അവസാനമായി കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭർത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകി.
.
തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസൻ മൊഴി നൽകി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തും.
.
അതേ സമയം രണ്ടു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!