‘ഞാനാണ് കൊന്നതെന്ന് അവനോട് പറ’; 10-ാംക്ലാസുകാരനെ കുത്തിക്കൊന്ന് 9-ാംക്ലാസുകാരൻ; ഞെട്ടിക്കുന്ന ചാറ്റ്
അഹമ്മദാബാദ്: ഗുജറാത്തിലെ ഖോക്രയില്‍ ഒമ്പതാം ക്ലാസുകാരന്റെ കുത്തേറ്റ് പത്താംക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കൊലപാതകം സംബന്ധിച്ച് പ്രതിയായ വിദ്യാർഥിയും സഹപാഠിയും തമ്മിൽ നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്. ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ ഇവര്‍ പഠിച്ച സ്കൂളിന് പുറത്ത് വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
കത്തിക്കുത്ത് ആക്രമണത്തില്‍ പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ഥിയായ നയന്‍ സന്താനി ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് മരിച്ചത്. പ്രതിയായ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി ജോയിന്റ് പോലീസ് കമ്മിഷണര്‍ ജയ്പാല് സിങ് റാത്തോഡ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ തമ്മിലെ വഴക്ക് നിയന്ത്രണം വിട്ടുപോയതാണ് സംഭവത്തിന് കാരണം.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി കുഴഞ്ഞുവീണെന്നാണ് വിവരം. എന്നാല്‍, സ്കൂളിലെ ജീവനക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയെന്നാണ് പരാതി. ഇവർ 108 എമര്‍ജന്‍സി സര്‍വീസില്‍ വിളിക്കുന്നതിനു പകരം ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും വൈകി. അമിതമായ രക്തസ്രാവമാണ് കുട്ടിയുടെ മരണത്തിന് കാരണമായത്.
സംഭവത്തിൽ പ്രതിയായ കുട്ടിയും സുഹൃത്തും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പുറത്തായതോടെ ഖോക്രയിലെ സെവന്ത് ഡേ അഡ്വെന്റിസ്റ്റ് സ്കൂളിന് പുറത്ത് വന്‍ പ്രതിഷേധം അരങ്ങേറി. അക്രമാസക്തരായ ജനക്കൂട്ടം സ്കൂള്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ കൈയറ്റം ചെയ്യുകയും ചെയ്തു. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് സൂചിപ്പിക്കുന്നതാണ് ചാറ്റ്.
ഇന്‍സ്റ്റഗ്രാമില്‍ museffff.ms എന്ന യൂസര്‍നെയിം ഉപയോഗിക്കുന്ന പ്രതിയും സുഹൃത്തും തമ്മിലുള്ള ചാറ്റാണ് പുറത്തായത്. സ്ക്രീന്‍ഷോട്ടിലെ ചാറ്റ് ഇപ്രകാരമാണ്:
സുഹൃത്ത്: ഭായ്, നീ ഇന്ന് എന്തെങ്കിലും ചെയ്തോ?
പ്രതി: യേസ്.
സുഹൃത്ത്: നീ ആരെയെങ്കിലും കുത്തിയിട്ടുണ്ടോ?
പ്രതി: നിന്നോട് ഇത് ആരാണ് പറഞ്ഞത്?
സുഹൃത്ത്: ഒന്നു വിളിക്ക്.
സുഹൃത്ത്: ***** ഇതിന്റെ പേരില്‍ ഒരാളെ കുത്തിക്കൊല്ലരുതായിരുന്നു. നിനക്ക് അവനെ അടിച്ചാല്‍ മതിയായിരുന്നു. കൊല്ലേണ്ടിയിരുന്നില്ല.
പ്രതി: എന്തായാലും സംഭവിച്ചത് സംഭവിച്ചു.
സുഹൃത്ത്: നീ സൂക്ഷിച്ചോ. കുറച്ചുകാലം ഒളിവില്‍ പോവുക. ഈ ചാറ്റുകള്‍ ഡിലീറ്റ് ചെയ്യണേ.
പ്രതി: ശരി.
കൊന്ന കാര്യം എങ്ങനെയാണ് സുഹൃത്ത് അറിഞ്ഞതെന്ന് ചോദിക്കുന്നുണ്ട് പ്രതി. വഴിയില്‍വെച്ച് ഇരുവരുടെയും സുഹൃത്തിനെ കണ്ടിരുന്നുവെന്നും അവന് പറഞ്ഞാണ് അറിഞ്ഞതെന്നും മറുപടി പറയുന്നുണ്ട്. ‘ഞാനാണ് കൊന്നതെന്ന് അവനോട് പറയൂ’ എന്ന് പ്രതി മറുപടിയും നല്‍കുന്നുണ്ട്.
സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്നാണ് ആരോപണം ഉയരുന്നത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനേക്കാള് തിടുക്കപ്പെട്ട് സ്കൂള്‍ അധികൃതർ തറയിലെ രക്തക്കറ വെള്ളം ഉപയോഗിച്ച് മായ്ക്കാനാണ് ശ്രമിച്ചത്. ഇതിനായി ഒരു വാട്ടര്‍ ടാങ്കര്‍ വിളിച്ചുവരുത്തിയെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. തെളിവു മായ്ക്കുകയായിരുന്നു ലക്ഷ്യം. സമയബന്ധിതമായി വൈദ്യസഹായം നിഷേധിച്ചത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


