‘പണം തിരികെതന്നത് കത്വ ഫണ്ട് സമാഹരണത്തിന് ശേഷമോ, ദോത്തി ചലഞ്ചിന് ശേഷമോ?’; ജലീൽ -ഫിറോസ് സൈബർപോര് രൂക്ഷം

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും കെടി ജലീല്‍ എംഎല്‍എയും തമ്മിലുള്ള സൈബര്‍ പോര് തുടരുന്നു. അനധികൃത സ്വത്ത് സമ്പാദനം എന്ന ജലീലിന്റെ ആരോപണത്തില്‍ പി.കെ. ഫിറോസ് പണ്ട് പണം കടംവാങ്ങിയ കാര്യം ഉന്നയിച്ച്‌ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും പരിഹസിച്ച് കെ.ടി. ജലീലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

ഫിറോസിന്റെ വീട്ടില്‍ പണം കായ്ക്കുന്ന മരമുണ്ടോ? ഹരീഷ് വാസുദേവന്റെ അച്ഛന്‍ കൊടുത്ത പണം തിരിച്ചുകൊടുത്തത് കത്വ ഫണ്ട് സമാഹരണത്തിന് ശേഷമാണോ, അതല്ല ദോത്തി ചലഞ്ചിന് ശേഷമാണോ.. എന്നാണ് കെടി ജലീലിന്റെ ചോദ്യം. സ്ഥലം വാങ്ങാന്‍ പണം ആവശ്യമുള്ളവര്‍ ഹരീഷ് വാസുദേവന്റെ അച്ഛനെ കണ്ടാല്‍ പലിശയില്ലാതെ പണം കിട്ടും എന്ന പരിഹാസ പരാമര്‍ശവും കെ.ടി. ജലീലിന്റെ പോസ്റ്റില്‍ ഉണ്ട്.

പി.കെ. ഫിറോസ് വരവില്‍കവിഞ്ഞ്‌ സ്വത്ത് സമ്പാദിക്കുന്നുവെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു കെ.ടി. ജലീലിന്റെ പരാതി. പരമ്പരാഗതമായി സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത ഫിറോസിന് ഉപജീവനം നടത്താന്‍ പാര്‍ട്ടി എന്തെങ്കിലും ധനസഹായം നല്‍കിയതായും അറിവില്ലെന്നും ഫിറോസിന് ഇത്രയധികം ധനം സമ്പാദിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന്‌ അന്വേഷിക്കണമെന്നുമാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

ഇതിന് പിന്നാലെ ജലീലിനെ പരിഹസിച്ച് പി.കെ. ഫിറോസും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തനിക്കെതിരെ പരാതി കൊടുക്കാന്‍ മാത്രം കെ.ടി. ജലീല്‍ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് ഒരാളെ ഓഫീസില്‍ നിയമിച്ചിരുന്നു, എന്നിട്ടെന്തായി എന്നും പി.കെ. ഫിറോസ് പരിഹസിച്ചു.

തനിക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യരുതെന്നും പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ കുറിപ്പിന് താഴെ ഫിറോസിനെ പിന്തുണച്ച് ഹരീഷ് വാസുദേവനും രംഗത്തെത്തി. സ്ഥലം വാങ്ങാന്‍ സഹായിച്ചത് തന്റെ പിതാവെന്നായിരുന്നു ഹരീഷ് വാസുദേവന്റെ വെളിപ്പെടുത്തല്‍.

Share

13 thoughts on “‘പണം തിരികെതന്നത് കത്വ ഫണ്ട് സമാഹരണത്തിന് ശേഷമോ, ദോത്തി ചലഞ്ചിന് ശേഷമോ?’; ജലീൽ -ഫിറോസ് സൈബർപോര് രൂക്ഷം

Comments are closed.

error: Content is protected !!