3.24 കോടി കവർന്നു: ബഹ്‌റൈനിൽ നിന്ന് വന്നിട്ടു ഒരു മാസം; മടക്കയാത്രയിൽ എയർപോർട്ടിൽ കുടുങ്ങി”
കായംകുളം(ആലപ്പുഴ) ∙ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്നു പിടിയിലായി. കവർന്ന പണം മുഖ്യ പ്രതിയായ സതീഷ് കൈമാറിയത് ഭരത്‌രാജിനാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാൾക്കായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
.
സതീഷിന്റെ നിർദേശപ്രകാരം ജയദാസ് എന്ന പ്രതി ബൈക്കിൽ എത്തിയ മറ്റു രണ്ടുപേർക്കു പണം കൈമാറിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. ബൈക്ക് ഉപയോഗിക്കുന്നത് ഭരത്‌രാജാണെന്നു മനസ്സിലാക്കിയ പൊലീസ് ഇയാളുടെ വിവിധ താമസസ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.
.
ഇയാൾ ബഹ്‌റൈനിൽ നിന്ന് വന്നിട്ടു ഒരു മാസമേയായിട്ടുള്ളൂ എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം തിരികെ പോകാനുള്ള സാധ്യത മുന്നിൽകണ്ട് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. മടക്കയാത്രയ്ക്കായി ഇയാൾ മുംബൈ എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.


