ഗോവിന്ദച്ചാമിയെ ജയിൽമാറ്റി; ഇനി വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ

കണ്ണൂർ: ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ പാർപ്പിക്കുക. കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ ജയിൽ മാറ്റിയത്. ഇന്നലെ പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 4 കിലോമീറ്റർ അകലെയുള്ള ഓഫിസ് കെട്ടിടത്തിന്റെ കിണറ്റിൽനിന്ന് പിടികൂടുകയായിരുന്നു.

പുലർച്ചെതന്നെ ജയിലിലെ നടപടികൾ പൂർത്തിയാക്കി. ശക്തമായ സുരക്ഷയിൽ, ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജയിലിൽനിന്ന് പൊലീസ് വാഹനത്തിലേക്ക് കയറ്റി. സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന് ഗോവിന്ദച്ചാമിയെ ജയിൽ മാറ്റാൻ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു. ജയിൽ മേധാവിയും വീഴ്ച സമ്മതിച്ചിരുന്നു. നാല് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. പൊലീസിന്റെ ദ്രുതകർമസേനയുടെ വാഹനത്തിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. വാഹനം കടന്നു പോകുന്ന സ്റ്റേഷൻ പരിധികളിലെല്ലാം കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിലെ ജീവിതം മടുത്തതിനാലാണ് ജയിൽ ചാടിയതെന്നാണ് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞത്. ജയിൽ ചാടി പിടിക്കപ്പെട്ടാൽ കണ്ണൂർ ജയിലിൽ നിന്ന് മാറ്റേതെങ്കിലും ജയിലിലേക്ക് മാറ്റുമെന്ന വിവരം ഗോവിന്ദച്ചാമിക്ക് ലഭിച്ചുവെന്നാണ് വിവരം. അല്ലെങ്കിൽ ഇതര സംസ്ഥാനത്തേക്ക് കടക്കാനായിരുന്നു പദ്ധതി. 2011 നവംബർ 11 മുതലാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. അതിന് മുൻപ് തൃശൂർ ജില്ലാ ജയിലിലായിരുന്നു. വധശിക്ഷ വിധിച്ചതിനുശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

Share
error: Content is protected !!