കേരളത്തിൽ 6 മാസത്തില്‍ 11 ലക്ഷത്തിലധികം വോട്ടര്‍മാര്‍ അപ്രത്യക്ഷം; നിങ്ങള്‍ക്കു വോട്ടുണ്ടോ എന്നു പരിശോധിക്കാം

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കിയ വോട്ടര്‍ പട്ടികയില്‍ 11 ലക്ഷത്തിലധികം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2025 ജനുവരി 6ന് സമ്മറി റിവിഷനുശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ അന്തിമ പട്ടികയില്‍ ആകെ വോട്ടർമാരുടെ എണ്ണം 2,78,10,942 ആണ്. വനിതകള്‍ – 1,34,41,490. പുരുഷന്മാര്‍ – 1,43,69,092, ട്രാന്‍സ്‌ജെന്‍ഡര്‍ – 360 എന്നിവങ്ങനെയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. എന്നാല്‍ ആറു മാസത്തിനിപ്പുറം തദ്ദേശതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ആകെയുള്ളത് 2,66,78,256 പേർ മാത്രമാണ്.

.

ഇതില്‍ 1,26,32,186 പേര്‍ പുരുഷന്മാരും 1,40,45,837 പേര്‍ സ്ത്രീകളും 233 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. ആറു മാസത്തെ ഇടവേളയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പ്രസിദ്ധീകരിച്ച പട്ടികയില്‍ 11,32,697 വോട്ടര്‍മാരുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 17,36,906 പുരുഷ വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍ ഇല്ല. വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവ് 6,04,347 ആണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ കുറവു വന്നിരിക്കുന്നത് കോഴിക്കോടാണ് – 1,77,529. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലും ഒരു ലക്ഷത്തില്‍ അധികം വോട്ടര്‍മാരെ പുതിയ പട്ടികയില്‍ കാണാതായിട്ടുണ്ട്.

.

പട്ടികയിൽ പേര് തിരയാം
തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പട്ടിക പരിശോധിക്കാം. വെബ്‌സൈറ്റിലെ വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍ എന്ന ഭാഗത്ത് പട്ടികയില്‍ പേരുണ്ടോ എന്നു തിരയാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല, തദ്ദേശ സ്ഥാപനം, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ പേര് എന്നിവ ഉപയോഗിച്ചു തിരയാം. വെബ്സൈറ്റിലെ വോട്ടർമാർക്കുള്ള സേവനങ്ങൾ (voters services) എന്ന ഭാഗത്ത് search voterൽ തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാം. ജില്ല, തദ്ദേശ സ്ഥാപനം, വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ (കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ EPIC CARDലെ നമ്പർ) അല്ലെങ്കിൽ പേര് ഉപയോഗിച്ചു തിരയാം. പട്ടികയിൽ പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റങ്ങൾ വരുത്താനും Citizen Registration ഭാഗത്ത് ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യണം. മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് ഒടിപി ലഭിക്കുമ്പോൾ റജിസ്റ്റർ ചെയ്യാം.

.

ഒരു ഫോൺ നമ്പറിൽനിന്നു പരമാവധി 10 പേർക്ക് ഇത്തരം സേവനങ്ങൾ നടത്താം. പട്ടികയില്‍ പേരു ചേര്‍ക്കാനും വിവരങ്ങള്‍ തിരുത്താനും താമസം മാറിയവര്‍ക്കു പട്ടികയില്‍ സ്ഥാനമാറ്റം വരുത്താനും ഓഗസ്റ്റ് ഏഴു വരെ അവസരമുണ്ട്. ഇതിനായി മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കംപ്യൂട്ടര്‍ ജനറേറ്റഡ് നോട്ടിസ് ലഭിക്കും. ഇതിലെ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടു ഹാജരാകണം. വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ കാരണം സ്ഥലത്തില്ലെങ്കില്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് (ഇആര്‍ഒ) അപേക്ഷ സമര്‍പ്പിച്ചാല്‍ വിഡിയോ കോള്‍ സംവിധാനത്തിലൂടെ ഹിയറിങ് അനുവദിക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇആര്‍ഒയുടേതാണ് അന്തിമതീരുമാനം. (മനോരമയിൽ പ്രസിദ്ധീകരിച്ചത്)

Share
error: Content is protected !!