മലയാളി യുവതിയും കുഞ്ഞും ഷാർജയിൽ മരിച്ച സംഭവം: നിധീഷിനെ വിളിപ്പിച്ച് ഇന്ത്യൻ കോൺസുലേറ്റ്, അവസാന നിമിഷം ഇടപെടൽ; കുഞ്ഞിൻ്റെ സംസ്‌കാരം മാറ്റിവെച്ചു
ദുബായ്: കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെച്ചത്. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്.
.
വൈഭവിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍, ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടത്. ഇതേസമയം, കുഞ്ഞിന്റെ മൃതദേഹവുമായി നിധീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു. ഇതിനിടെയാണ്, ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് വിളിയെത്തിയത്. കുഞ്ഞിന്റെ അച്ഛനായ നിധീഷിന്റെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് വിളിപ്പിക്കുകയുംചെയ്തു. തുടര്‍ന്ന് സംസ്‌കരിക്കാനായി കൊണ്ടുവന്ന മൃതദേഹം തിരികെകൊണ്ടുപോവുകയായിരുന്നു.
.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് ഷാര്‍ജയിലെത്തിയ ഷൈലജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കുമെന്ന് നിധീഷിന്റെ ബന്ധുക്കള്‍ അറിയിച്ചതായും എന്നാല്‍, രണ്ടുപേരുടെയും മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്‌കരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ പറഞ്ഞു.
മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടില്‍ സംസ്‌കരിക്കണം. ഒന്നുകില്‍ നിധീഷിന്റെ വീട്ടിലോ അല്ലെങ്കില്‍ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടില്‍ നിധീഷിന്റെ വീട്ടില്‍ സംസ്‌കാരിച്ചാലും വിഷമമില്ല. നാട്ടില്‍ വേണമെന്നേയുള്ളൂ. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണില്‍ അവരെ സംസ്‌കരിക്കണം. അതിന് അനുവദിക്കണം. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.
.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.
.
ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം. നിധീഷിന്റെയും ഭര്‍തൃകുടുംബാംഗങ്ങളുടെയും കൊടിയപീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. നിധീഷില്‍നിന്നും ഇയാളുടെ പിതാവ്, സഹോദരി എന്നിവരില്‍നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



