പ്രവാസി മലയാളികൾക്ക് ആശ്വാസമാകും; സൗദി എയർലൈൻസും ആകാശയും കരിപ്പൂരിലേക്ക്
കരിപ്പൂർ: സൗദി എയർലൈൻസ്, ആകാശ എയർ വിമാനക്കമ്പനികൾ കോഴിക്കോട് വിമാനത്താവളത്തിലേക്ക് സർവീസിനൊരുങ്ങുന്നു. സൗദി എയർലൈൻസ് ഒക്ടോബർ 27 മുതൽ കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിക്കുമെന്നാണു വിവരം. വിമാനാപകടത്തെത്തുടർന്ന് 2020ൽ കോഴിക്കോട് വിട്ടതാണ് സൗദി എയർലൈൻസ്. പിന്നീട് വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് തിരിച്ചെത്താതിരുന്നത്.
ചെറിയ വിമാനങ്ങളുടെ ‘സി’ ശ്രേണിയിൽപ്പെട്ട എയർബസ് 321 നിയോ വിമാനവുമായാണ് തിരിച്ചുവരവ്. നേരത്തേ, 2024 ഓഗസ്റ്റിൽ സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സാങ്കേതിക കുരുക്കുകളുണ്ടായി. കോഴിക്കോട് –ജിദ്ദ സെക്ടറിലായിരിക്കും ആദ്യ സർവീസ് എന്നാണു വിവരം.
.
ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ വിമാനവും കരിപ്പൂർ കേന്ദ്രീകരിച്ചു സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് എയർപോർട്ട് ഉപദേശക സമിതി കോ–ചെയർമാൻ എം.കെ.രാഘവൻ എംപി പറഞ്ഞു. സൗദി, കുവൈത്ത്, യുഎഇ തുടങ്ങി വിവിധ ഗൾഫ് നാടുകളിലേക്കു സർവീസ് നടത്തുന്ന ആകാശ എയർ കരിപ്പൂരിലേക്കെത്തുന്നത് പ്രവാസി യാത്രക്കാർക്കും ഹജ് തീർഥാടകർക്കും ഗുണകരമാകും.
ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കു ഹജ് ടെൻഡറിൽ പങ്കെടുക്കാനാകും എന്നതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ് സർവീസ് സംബന്ധിച്ച ആശങ്കകൾക്കും പരിഹാരമാകും. ആകാശ എയറും ഈ വർഷം ഒക്ടോബറിൽ എത്തുമെന്നാണു വിവരം.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



