സ്വകാര്യ ബസ് സമരം ആരംഭിച്ചു; വലഞ്ഞു ജനം, അർദ്ധരാത്രി മുതൽ ദേശീയ പണിമുടക്കും. കേരളത്തിലും ജനജീവിതം സ്തംഭിക്കും
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രിയോടെ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള എല്ലാ പ്രധാന ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ രാജ്യമെമ്പാടുമുള്ള ബാങ്കിംഗ്, ഗതാഗതം, വ്യവസായം, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്തംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരളത്തിൽ, ഭരണകക്ഷിയായ ഇടതുമുന്നണിയിലെ സിഐടിയു, എഐടിയുസി തുടങ്ങിയ സംഘടനകളും പ്രതിപക്ഷത്തിലെ ഐഎൻടിയുസി, എസ്ടിയു, എച്ച്എംഎസ് തുടങ്ങിയ യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സാഹചര്യമുണ്ടാകും. കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗതം പൂർണ്ണമായും നിലയ്ക്കും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കാനും സാധ്യതയുണ്ട്. അവശ്യ സർവീസുകളെയും സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, സാധാരണ ജനങ്ങളുടെ യാത്രയെയും ദൈനംദിന ജീവിതത്തെയും ഇത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ സ്വകാര്യ ബസ് ഉടമകളും ഇന്ന് ഒരു ദിവസത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു . ഗതാഗത കമ്മീഷണറുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. വിദ്യാർത്ഥി കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകുക, ബസ് ജീവനക്കാർക്ക് നിർബന്ധിത പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കുക, അന്യായമായ ഇ-ചെല്ലാൻ പിഴകൾ റദ്ദാക്കുക, ജിപിഎസ്, സ്പീഡ് ഗവർണർ, ക്യാമറ തുടങ്ങിയ ചെലവേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ബസുകളിൽ മാത്രം നിർബന്ധമാക്കുന്നത് നിർത്തലാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരേ സമയം ദേശീയ പണിമുടക്കും സ്വകാര്യ ബസ് സമരവും വരുന്നത് കേരളത്തിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന ആശങ്ക വ്യാപകമാണ്.


