കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ഇസ്രയേലിലേക്ക് പോയത് ഒന്നര മാസം മുൻപ്; വയോധികയുടെ മരണത്തിലും ദുരൂഹത

ബത്തേരി (വയനാട്): ജോലിചെയ്യുന്ന വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ഇസ്രയേലിൽ എത്തിയത് ഒന്നര മാസം മുമ്പ്. സുൽത്താൻ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി.സുകുമാരനെയാണ് (38) മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥയായ വയോധികയേയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

കെയർ ഗിവർ (പ്രായമായവരെ പരിചരിക്കൽ) ജോലിക്കായാണ് ജിനേഷ് ഇസ്രായേലിൽ എത്തിയത്. ജറുസലേമിനു സമീപം മേവസേരേട്ട് സിയോനിലാണ് സംഭവം. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കൾ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് വയോധികയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഇസ്രയേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകവും ആത്മഹത്യയുമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ.

ഒന്നര മാസം മുൻപ് മാത്രമാണ് കെയർഗിവർ വിസയിൽ ജിനേഷ് ഇസ്രയേലിൽ എത്തിയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്. രേഷ്മയാണ് ഭാര്യ. ആരാധ്യ ഏകമകളാണ്. ജിനേഷിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!