കാലാവധി അവസാനിച്ചിട്ടും ഒഴിയുന്നില്ല; മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍നിന്ന് അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍നിന്ന് അടിയന്തരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ച് സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍. ചന്ദ്രചൂഡിന്റെ ബംഗ്ലാവ് ഒഴിപ്പിച്ച് കോടതിയുടെ ഭവന സമുച്ചയത്തിലേക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാരിന് കത്തെഴുതിയിരിക്കുന്നത്. സുപ്രീംകോടതിയിലെ നിലവിലുള്ള ജഡ്ജിമാര്‍ക്ക് മതിയായ താമസസ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഡല്‍ഹിയിലെ കൃഷ്ണ മേനോന്‍ മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന, സിറ്റിങ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായി നിശ്ചയിച്ചിട്ടുള്ള ബംഗ്ലാവ് നമ്പര്‍ 5 ഉടനടി ഒഴിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കൈവശംവെച്ചിട്ടുള്ള കൃഷ്ണമേനോന്‍ മാര്‍ഗിലെ ബംഗ്ലാവ് നമ്പര്‍ 5, ഒരു കാലതാമസവും കൂടാതെ ഏറ്റെടുക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇത് കൈവശംവെക്കുന്നതിന് അനുവദിച്ച അനുമതി 2025 മെയ് 31-ന് കാലഹരണപ്പെട്ടു. കൂടാതെ 2022-ലെ ചട്ടങ്ങളനുസരിച്ചുള്ള ആറു മാസത്തെ കാലാവധിയും 2025 മെയ് 10-ന് കാലഹരണപ്പെട്ടു’ സുപ്രീം കോടതി ഉദ്യോഗസ്ഥന്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറിക്കെഴുതിയ കത്തില്‍ പറയുന്നു.
.
2022 നവംബര്‍ മുതല്‍ 2024 നവംബര്‍ വരെ ചീഫ് ജസ്റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡ്, പദവി ഒഴിഞ്ഞതിന് ശേഷം ഏകദേശം എട്ട് മാസത്തോളമായി ഇപ്പോഴും ഈ ബംഗ്ലാവ് കൈവശം വെച്ചിരിക്കുകയാണ്. ചന്ദ്രചൂഡിന് ശേഷം വന്ന ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ഇപ്പോഴത്തെ ചീഫ് ജസ്സിസ് ബി.ആര്‍. ഗവായിയും തങ്ങള്‍ക്ക് മുമ്പ് അനുവദിച്ചിട്ടുള്ള ബംഗ്ലാവില്‍ തന്നെ തുടരാനാണ് തീരുമാനിച്ചത്.

അതേസമയം വ്യക്തിപരമായി ഒഴിച്ചുകൂടാനാവാത്ത ചില സാഹചര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയുന്ന കാര്യത്തിൽ കാലതാമസമുണ്ടാവാൻ കാരണമെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെക്കുറിച്ച് സുപ്രീം കോടതി ഭരണവിഭാഗത്തിന് പൂര്‍ണമായി അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ബദല്‍ സംവിധാനം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന ആ സ്ഥലം താമസയോഗ്യമാക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
.
2024-ല്‍ വിരമിച്ചശേഷം പിന്നീട് ചീഫ് ജസ്റ്റിസായി എത്തിയ ജസ്റ്റിസ് ഖന്നയോട് 2025 ഏപ്രില്‍ 30 വരെ കൃഷ്ണമേനോന്‍ മാര്‍ഗില്‍ താമസം തുടരാന്‍ ഡി.വൈ.ചന്ദ്രചൂഡ് അനുമതി തേടിയിരുന്നു. പുതിയ താമസസ്ഥലത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടതിനാലാണ് ഇവിടെ തന്നെ തുടരാന്‍ ചന്ദ്രചൂഡ് അനുമതി തേടിയത്. ചീഫ് ജസ്റ്റിസായിരുന്ന ഖന്നയുടെ അനുമതിയെ തുടര്‍ന്ന് കേന്ദ്ര ഭവന മന്ത്രാലയം ഇതിന് അംഗീകാരവും നല്‍കി. പിന്നീട് മേയ് 31 വരെ തുടരാന്‍ ഡി.വൈ.ചന്ദ്രചൂഡ് വാക്കാൽ അഭ്യര്‍ഥിച്ചെന്നും സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്റെ കത്തില്‍ പറയുന്നു. അത് വ്യവസ്ഥയോടെ അനുവദിച്ചു.

എന്നാല്‍, ഇടക്കാലത്ത് സ്ഥാനക്കയറ്റം ലഭിച്ച മറ്റ് ജഡ്ജിമാര്‍ ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുകയോ ബംഗ്ലാവ് അനുവദിക്കുന്നതിനായി കാത്തിരിക്കുകയോ ചെയ്യുന്നതിനാല്‍ ഇനി കൂടുതല്‍ കാലാവധി നീട്ടിനല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ബംഗ്ലാവ് ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.




വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!