ചാരക്കേസിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിൻ്റെ ക്ഷണപ്രകാരം; മൊത്തം ചെലവും വഹിച്ചു, വേതനവും നൽകി: നിർണായക വിവരം

തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാണയിലെ വ്ളോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി. വേതനവും സർക്കാർ നൽകി. ടൂറിസം വകുപ്പ് ഇതിനായി സ്വകാര്യ ഏജൻസിക്ക് കരാർ നൽകുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. ഈ രീതിയിൽ സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്.

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തതെന്നാണ് വ്യക്തമാകുന്നത്. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്.

33-കാരിയായ ജ്യോതി മല്‍ഹോത്ര പലതവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധംപുലര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു.
.
ജ്യോതി ചാരവൃത്തി നടത്തിയതായി അന്നു തെളിഞ്ഞിരുന്നില്ല. ചാരവൃത്തി കണ്ടെത്തിയതോടെ കേരളത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. ജ്യോതി സന്ദർശിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പൊലീസ് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം:

നല്ല ഉദ്ദേശ്യത്തോടെയാണു കാര്യങ്ങൾ ചെയ്തത്. ഇതുവരെയുള്ള സർക്കാരുകൾ തുടർന്ന കാര്യങ്ങളാണ് ഈ സർക്കാരും ചെയ്തത്. ബോധപൂർവം സർക്കാർ അവരെ കൊണ്ടുവരുമോ? ചാരവൃത്തിക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന സർക്കാരാണോ ഇത്? എങ്ങനെയാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്നു മാധ്യമങ്ങൾ മനസ്സിലാക്കണം.




വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!