സന്ദർശന വിസയിലെത്തുന്നവർക്ക് മുന്നറിയപ്പ്; അശ്രദ്ധയ്ക്ക് കനത്ത വില നൽകേണ്ടി വരും
അബുദാബി: വേനൽക്കാലം ആരംഭിച്ചതോടെ യുഎഇയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. വാസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് വലിയ സാമ്പത്തിക ബാധ്യതകൾക്കും നിയമനടപടികൾക്കും ഇടയാക്കുമെന്നും വിസ കാലാവധി കഴിഞ്ഞ് ഓരോ ദിവസവും രാജ്യത്ത് തങ്ങുന്നതിന് പിഴ ഈടാക്കുമെന്നും അറിയിച്ചു.
ഈ പിഴകൾ വലിയ തുകയായി മാറും എന്നതുകൊണ്ട് വിസ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിടുകയോ വിസ സ്റ്റാറ്റസ് മാറ്റുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.പിഴകൾ കൂടാതെ ചിലപ്പോൾ നിയമനടപടികൾ നേരിടേണ്ടിയും വന്നേക്കാം. ഇത് ഭാവിയിൽ യുഎഇയിലേക്കുള്ള പ്രവേശനത്തെയും ബാധിച്ചേക്കാം. വീസ സ്റ്റാറ്റസ് മാറ്റുന്നതിനോ വീസ പുതുക്കുന്നതിനോ എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിശ്വസനീയവും അംഗീകൃതവുമായ ഏജൻസികളെ മാത്രം സമീപിക്കുക.
.
അനധികൃത ഏജൻസികൾ വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് വ്യക്തി തന്നെ ഉത്തരവാദിയായിരിക്കും. വേനൽക്കാല അവധിക്കാലത്ത് ധാരാളം ആളുകൾ യുഎഇ സന്ദർശിക്കാൻ എത്തുന്നുണ്ട്. വിനോദസഞ്ചാരികളും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ വരുന്നവരും ഇതിൽപ്പെടും. തിരക്ക് കൂടുമ്പോൾ പലർക്കും വിസ കാലാവധിയെക്കുറിച്ചോ എക്സ്റ്റൻഷൻ നടപടിക്രമങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ വരാം. ഇത് അനധികൃത താമസം കൂടാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അധികൃതർ ഇപ്പോൾ തന്നെ വ്യക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യുഎഇ സന്ദർശകർ വിസയുടെ കാലാവധി കൃത്യമായി മനസ്സിലാക്കുകയും പാസ്പോർട്ടിൽ വിസയുടെ സ്റ്റാംപിങ് ഉണ്ടെങ്കിൽ അതിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതി ശ്രദ്ധിക്കുകയും ചെയ്യണം. വിസ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്ക് മുൻപ് തന്നെ യാത്ര തിരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുക. യുഎഇയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവർ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ അത് പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയോ അല്ലെങ്കിൽ താമസ വീസയിലേയ്ക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ തേടുകയോ ചെയ്യണം.
.
വിസ സംബന്ധമായ കാര്യങ്ങൾക്ക് യുഎഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളെയോ (GDRFA, ICP) അംഗീകൃത സർക്കാർ സേവന കേന്ദ്രങ്ങളെയോ മാത്രം ആശ്രയിക്കുക. യുഎഇ സന്ദർശകരുടെ സുരക്ഷയും രാജ്യത്തെ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ നടപടികൾ. അതിനാൽ, സന്ദർശകർ ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കുകയും നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



