കരൾ പകുത്ത് നൽകി പിതാവിൻ്റെ സ്നേഹം: പ്രാർഥനകൾ വിഫലമായി, മലയാളി ബാലൻ യുകെയിൽ ‍അന്തരിച്ചു

ലണ്ടൻ: പിതാവ് കരൾ പകുത്ത് നൽകിയിട്ടും മലയാളി ബാലൻ വിട വാങ്ങിയതിന്റെ നൊമ്പരത്തിലാണ് യുകെ മലയാളികൾ. പ്രിയപ്പെട്ടവരുടെ മനസ്സിൽ കണ്ണീരോർമ്മയായി അ‍‍ഞ്ചാം ക്ലാസ് വിദ്യാർഥിയായ റൊണാവ് പോൾ (11) വിടവാങ്ങി. വ്യാഴാഴ്ച വൈകിട്ട് നാലിന് ബർമിങ്ങാം വിമൻസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. നോർത്താംപ്ടണിലെ നഴ്സ് ദമ്പതികളായ ഡോൺ കെ പൗലോസ്, ടീന എന്നിവരുടെ മൂത്ത മകനാണ്.

യുകെയിൽ ജനിച്ച റൊണാവിന് ജന്മനാ കരൾ രോഗങ്ങൾ ഉണ്ടായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനായി പിതാവ് കരൾ പകുത്ത് നൽകിയിരുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞിരുന്നതിനാൽ തുടർ ചികിത്സകൾ നടന്നു വരികയായിരുന്നു. പഠനത്തോടൊപ്പം തന്നെ കായിക മേഖലയിലും മികവ് കാട്ടിയിരുന്ന റൊണാൾവിന്റെ വേർപാടിൽ മാതാപിതാക്കൾക്കൊപ്പം തന്നെ മലയാളി സമൂഹവും തീരാദു:ഖത്തിലാണ്.
.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണ് പിതാവ് ഡോൺ. മാതാവ് ടീന ഡോൺ തൃശൂർ സ്വദേശിയാണ്. ഇവർ നാട്ടിൽ വീട് വച്ചു താമസിക്കുന്നത് എറണാകുളം അങ്കമാലിയിലാണ്. ഇരുവരും നോർത്താംപ്ടൺ ജനറൽ ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്.

സഹോദരങ്ങൾ: ആരവ്, നിലവ്. റൊണാൾവിന്റെ സംസ്കാരം യുകെയിൽ തന്നെ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സമീക്ഷ യുകെ നോർത്താംപ്ടൺ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ഡോണിന്റെ കുടുംബത്തിലുണ്ടായ വേർപാടിൽ സമീക്ഷ യുകെ നാഷനൽ കമ്മിറ്റി അനുശോചനം അറിയിച്ചു.



ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  

Share
error: Content is protected !!