വിമാനക്കമ്പനിയില്‍ നിന്ന് ടിക്കറ്റ് തുക തിരിച്ച് കിട്ടാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് യൂട്യൂബര്‍ !
വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് കൈക്കലാക്കാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മാക്‌സ് ഫോഷ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് യൂട്യൂബര്‍ മാക്‌സിമിലിയന്‍ ആര്‍തര്‍ ഫോഷ്. ഏകദേശം 37.28 പൗണ്ട് (ഏകദേശം 4300 രൂപ) റീഫണ്ട് വാങ്ങുന്നതിനായി തന്റെ മരണം വ്യാജമായി സൃഷ്ടിച്ചതിന്റെ വീഡിയോ 30 കാരനായ മാക്‌സ് ഫോഷ് യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തു.
രണ്ട് മാസം മുമ്പാണ് താന്‍ വിമാനയാത്ര ബുക്ക് ചെയ്തതെന്ന് ഫോഷ് പറഞ്ഞു. എന്നാല്‍ അത് ഉപയോഗിക്കാനായില്ല. റീഫണ്ടിനായി ശ്രമിച്ചപ്പോള്‍, യാത്രക്കാര്‍ മരണപ്പെട്ടാല്‍ മാത്രമേ വിമാനക്കമ്പനി റീഫണ്ട് തിരികെ നല്‍കൂ എന്ന വ്യവസ്ഥയുള്ളതായി അറിഞ്ഞു. യാത്രക്കാര്‍ പലപ്പോഴും അവഗണിക്കുന്ന വൃത്തികെട്ട നിയമ വ്യവസ്ഥയാണിതെന്ന് ഫോഷ് പറയുന്നു.
ഞാന്‍ സാങ്കേതികമായി മരിച്ചു എന്ന പേരില്‍ പങ്കുവെച്ച വീഡിയോയില്‍ വിമാനക്കമ്പനിയുടെ വ്യവസ്ഥ ഉപയോഗിച്ച് തന്നെ അത് റീഫണ്ട് നേടിയത് എങ്ങനെയാണെന്ന് ഫോഷ് കാണിക്കുന്നു.
മരണത്തിന് തെളിവുണ്ടാക്കിയതെങ്ങനെ?
അതിനായി വടക്കന്‍ ഇറ്റലിയിലെ സ്വയം പ്രഖ്യാപിത മൈക്രോ നേഷനായ സെബോര്‍ഗ പ്രിന്‍സിപ്പാലിറ്റി ഫോഷ് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് അനുമതി ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയെന്നും. സെബോര്‍ഗയിലെ പ്രിന്‍സസ് നിന മെനെഗറ്റോയാണ് ഫോഷിനെ സ്വാഗതം ചെയ്തത്. അവിടെ ഔദ്യോഗിക സ്വീകരണമാണ് ഫോഷിന് ലഭിച്ചത്. പ്രിന്‍സസില്‍ നിന്നാണ് ഫോഷ് ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്.
ഈ മരണ സര്‍ട്ടിഫിക്കറ്റ് കാണിച്ച് എയര്‍ലൈനില്‍ നിന്ന് റീഫണ്ടിന് അപേക്ഷിച്ചു. അവര്‍ അത് സ്വീകരിക്കുകയും ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ റീഫണ്ട് വാങ്ങരുതെന്നും നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നും തന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെന്ന് ഫോഷ് പറയുന്നു. ഇത് വഞ്ചനാപരമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ തന്നെ പിന്തിരിപ്പിച്ചുവെന്നും ഫോഷ് പറഞ്ഞു.
എന്തായാലും ഈ സംഭവവിവാകസങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഫോഷിന്റെ വീഡിയോക്ക് രണ്ട് മില്യണിലേറെ കാഴ്ചക്കാരെ ലഭിച്ചു. ചിലര്‍ പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ചു.
വിമാനം യാത്ര ഒഴിവാക്കേണ്ടി വന്നാലോ വൈകിയാലോ ആണ് സാധാരണ വിമാനക്കമ്പനികള്‍ റീഫണ്ട് നല്‍കാറ്. എന്നാല്‍ ഈ വ്യവസ്ഥകളില്‍ മാറ്റം വരാം. ചില കമ്പനികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ബുക്കിങ് പിന്‍വലിച്ചാലോ യാത്ര മാറ്റിവെച്ചാലോ റീഫണ്ട് നല്‍കാറുണ്ട്.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



