സ്ത്രീധനത്തിൻ്റെ ബാക്കി ഒരുപവനും എസിയും ചോദിച്ച് പീഡനം; വിവാഹത്തിൻ്റെ നാലാംനാള്‍ യുവതി ജീവനൊടുക്കി

ചെന്നൈ: വിവാഹംകഴിഞ്ഞ് നാലാംനാള്‍ നവവധുവിനെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. സ്ത്രീധനപീഡനത്തെത്തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയെന്ന പരാതിയില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ പൊന്നേരി സ്വദേശിനിയായ പി. ലോകേശ്വരി (25) യെയാണ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. വിവാഹംകഴിഞ്ഞ് നാലാംനാള്‍ ഭര്‍ത്താവായ ഇ. പനീറിനൊപ്പം സ്വന്തം വീട്ടില്‍ താമസിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
.
ജൂണ്‍ 27-നാണ് കാട്ടവൂര്‍ സ്വദേശിയായ പനീറും (37) ലോകേശ്വരിയും വിവാഹിതരായത്. പനീര്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ബാക്കിനല്‍കാനുള്ള സ്ത്രീധനത്തിന്റെ പേരില്‍ ലോകേശ്വരിയെ ഉപദ്രവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും ലോകേശ്വരിയുടെ കുടുംബം ആരോപിച്ചു.

വിവാഹം നിശ്ചയിച്ചപ്പോള്‍ പത്തുപവന്‍ സ്വര്‍ണമാണ് പനീറും കുടുംബവും സ്ത്രീധനമായി ആവശ്യപ്പെട്ടത്. അഞ്ചുപവന്‍ നല്‍കാമെന്ന് ലോകേശ്വരിയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍, വിവാഹസമയത്ത് നാലുപവന്‍ മാത്രമേ നല്‍കാനായുള്ളൂ. ഇതോടെയാണ് ബാക്കിയുള്ള ഒരുപവന്‍ സ്വര്‍ണത്തിന് വേണ്ടിയും സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞ എസി നല്‍കാത്തതിന്റെ പേരിലും ഭര്‍തൃവീട്ടുകാര്‍ ലോകേശ്വരിയെ മാനസികമായി പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പനീര്‍, ഇയാളുടെ അമ്മ പൂങ്കോത്തൈ, അച്ഛന്‍ ഏഴുമലൈ, സഹോദരി നദിയ എന്നിവര്‍ ലോകേശ്വരിയെ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹംകഴിഞ്ഞ ദിവസം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇവര്‍ ഉപദ്രവം ആരംഭിച്ചിരുന്നതായും ആരോപണമുണ്ട്.
.
യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അറസ്റ്റ് ചെയ്തതായി പൊന്നേരി പോലീസ് അറിയിച്ചു. കേസിലെ മറ്റുപ്രതികളായ ഏഴുമലൈ, നദിയ എന്നിവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


 

Share
error: Content is protected !!