കുട്ടിയെ കാറിൽ മറന്നു മാതാപിതാക്കൾ ഷോപ്പിങ്ങ് മാളിലേക്ക് പോയി; ശ്വാസംമുട്ടി രണ്ട് വയസ്സുകാരൻ്റെ വെപ്രാളം, രക്ഷകരായി ദുബായ് പൊലീസ്
ദുബായ്: അബദ്ധത്തിൽ കുട്ടിയെ കാറിൽ മറന്നു മാതാപിതാക്കൾ മാളിൽ ഷോപ്പിങ്ങിന് പോയി. കടുത്ത ശ്വാസംമുട്ടൽ അനുഭവിച്ച രണ്ട് വയസ്സുകാരനെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. മാളിലെ പാർക്കിങ്ങിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. ശ്വാസം മുട്ടി വെപ്രാളംപൂണ്ട കുട്ടിയെ ദുബായ് പൊലിസ് അതിവേഗം ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
.
കുട്ടിയുടെ മാതാവ് തിരികെ വാഹനത്തിലെത്തിയപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്. കാർ കുട്ടി അകത്ത് നിന്ന് പൂട്ടിയതിനാൽ തുറക്കാനായില്ല. ഉടൻ തന്നെ സഹായത്തിനായി പൊലീസിനെ ബന്ധപ്പെടുകയും അവർ അയച്ച പ്രത്യേക രക്ഷാപ്രവർത്തക സംഘം പൂട്ടു പൊളിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. മകനെ കാറിൽ മറന്നുപോയത് തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വലിയ അനാസ്ഥയാണെന്നും ഇതിൽ വളരെയേറെ ഖേദിക്കുന്നുവെന്നും മറ്റ് മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പായി ഇത്തരം സംഭവങ്ങൾ കണ്ട് ആവർത്തിക്കക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. പൊലീസിന് പ്രത്യേക നന്ദിയും അറിയിച്ചു.
.
ഒറ്റ മാസം കൊണ്ട് 92 കുട്ടികൾക്ക് ദുബായ് പൊലീസിന്റെ ജീവൻ രക്ഷ
ഇത്തരം സംഭവങ്ങൾ ദുബായിൽ സ്ഥിരമായി സംഭവിക്കുന്നത് ആശങ്കയുയർത്തുന്ന കാര്യമാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ മാത്രം വാഹനങ്ങളിലും ലിഫ്റ്റുകളിലും വീടുകളിലും പൂട്ടപ്പെട്ട 92 കുട്ടികളെ ദുബായ് പൊലിസ് രക്ഷപ്പെടുത്തിയതായി ലാൻഡ് റെസ്ക്യൂ വിഭാഗം തലവൻ കോളണൽ അബ്ദുല്ല അലി ബിഷ്വാ പറഞ്ഞു.
.
രക്ഷപ്പെടുത്തിയത്
∙ വാഹനങ്ങളിൽ നിന്ന് – 33 കുട്ടികൾ
∙ ലിഫ്റ്റുകളിൽ നിന്ന് – 7 കുട്ടികൾ
∙ വീടുകളിൽ പൂട്ടപ്പെട്ടത് – 52 കുട്ടികൾ
.
രക്ഷാപ്രവർത്തനം കുട്ടിയുടെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കുന്നു. പൊതുവേ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെങ്കിൽ വാഹനം കേടാക്കാതെ പ്രത്യേക ഉപകരണങ്ങളുപയോഗിച്ച് വാതിൽ തുറക്കാനാണ് ദുബായ് പൊലീസ് ശ്രമിക്കുക. എങ്കിലും കുട്ടി ശ്വാസം മുട്ടൽ, ബോധം നഷ്ടപ്പെടൽ തുടങ്ങിയ അത്യാഹിത ഘട്ടങ്ങളിലാകുമ്പോൾ വാഹനത്തിന്റെ ചില്ല് പൊട്ടിച്ച് പോലും രക്ഷാപ്രവർത്തനം നടത്തേണ്ടിവരുന്നു. ഇത്തരം അപകടങ്ങൾ പലപ്പോഴും സാധാരണയായി മാൾ പാർക്കിങ്ങുകളിലോ വീടുകളിലോ ആണ് സംഭവിക്കുന്നത്.
.
അബുദാബി പൊലീസും മുന്നറിയിപ്പുമായി രംഗത്ത്
ഇതേ പശ്ചാത്തലത്തിലാണ് അബുദാബി പൊലീസ് കൂടി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കാറിൽ തനിച്ചായി കുട്ടികളെ ഉപേക്ഷിക്കുന്നത്, പ്രത്യേകിച്ച് വേനൽക്കാലത്ത് അതീവ അപകടകരമാണെന്ന് അവർ ഓർമിപ്പിച്ചു.
മറ്റുള്ളവർ വിനോദ യാത്രകളിലോ ഷോപ്പിങ്ങിലോ പോകുമ്പോൾ കുട്ടികളെ നിർഭാഗ്യവശാൽ വാഹനങ്ങളിൽ പൂട്ടിപ്പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയോടെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ ഒരുപാട് പേർ പരാജയപ്പെടുന്നുണ്ട്. ശ്രദ്ധയില്ലായ്മയാണ് ഇതിന് കാരണം. കുഞ്ഞുങ്ങളുടെ സുരക്ഷ മാതാപിതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണെന്നും ദുബായ് പൊലീസ് ആവർത്തിച്ച് വ്യക്തമാക്കി.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക