‘രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാർ’, ബിജെപിയിലേക്ക് പോകുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ
ദില്ലി: താൻ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂർ. രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കും. ബിജെപിയിലേക്ക് പോകും എന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും? രാഷ്ട്രത്തെ സേവിക്കാനായാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. അതാണ് തനിക്ക് പ്രധാനം. രാജ്യത്തിനായി എന്തു സേവനത്തിനും താൻ തയ്യാറാണ്. രാജ്യത്തിനായി തൻറെ കഴിവ് സർക്കാർ ഉപയോഗിക്കുന്നുവെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.
ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക പ്രതികരണത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശശി തരൂരിന് കേന്ദ്രസർക്കാർ പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം. രാജ്യസ്നേഹമാണ് വലുതെന്നും പാർട്ടി സ്നേഹം അതുകഴിഞ്ഞാണെന്നും വ്യക്തമാക്കുകയാണ് ഇതിലൂടെ ശശി തരൂർ. സർക്കാർ ഏത് പദവി നൽകിയാലും അംഗീകരിക്കുമെന്ന് കൂടിയാണ് ശശി തരൂർ പറഞ്ഞുവെക്കുന്നത്.
.
ദില്ലിയിൽ വിദേശകാര്യ പാർലമെൻ്ററി സമിതിയുടെ യോഗത്തിന് ശേഷമായിരുന്നു ശശി തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന വിദേശകാര്യ വിദഗ്‌ധനായ ശശി തരൂരിന്‍റെ സേവനം തുടര്‍ന്നങ്ങോട്ട് പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശശി തരൂരിനോട് സംസാരിച്ചുവെന്ന് സൂചനയുണ്ട്. വിദേശങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു നയതന്ത്ര തസ്തികയില്‍ ശശി തരൂരിനെ നിയമിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് താത്പര്യപ്പെടുന്നത്. ഒരു ഓണററി പദവിയെങ്കില്‍ ശശി തരൂര്‍ എംപി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ല. രാഷ്ട്രീയ പദവിയല്ലെങ്കിൽ അയോഗ്യതയ്ക്കുള്ള മാനദണ്ഡവും ബാധകമാവുകയുമില്ല.
.
ഇത്തരമൊരു നീക്കമുണ്ടായാൽ കോണ്‍ഗ്രസ് പദവി സ്വീകരിക്കാൻ ശശി തരൂരിന് അനുമതി നൽകിയേക്കില്ലെന്നാണ് വിലയിരുത്തൽ. തരൂരിന്‍റെ നീക്കങ്ങളെ ഏറെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റണമെന്ന ആവശ്യം എഐസിസി നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. നിരന്തരം അച്ചടക്കം ലംഘിക്കുന്ന ശശി തരൂരിനെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കാനും സമ്മര്‍ദ്ദമുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.