നന്തൻകോട്ട് കൂട്ടക്കൊല: ആദ്യം അമ്മ വൈകീട്ട് അച്ഛനും സഹോദരിയും രണ്ടാംനാൾ ആൻ്റി; മൂന്നാംനാള്‍ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചു

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ കോടതി ജീവപര്യന്തത്തിന് വിധിച്ച പ്രതി കേഡല്‍ ജിന്‍സണ്‍ രാജ നടത്തിയത് കൃത്യവും ആസൂത്രിതവുമായ കൊലപാതകമാണെന്ന് പോലീസിന് തെളിയിക്കാനായതാണ് കേസില്‍ വഴിത്തിരിവായത്. മാനസികരോഗം മുതല്‍ ദുര്‍മന്ത്രവാദവും വരെ പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാന്‍ ജയിലിനകത്ത് പോലും കേഡല്‍ തന്ത്രപരമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതിക്ക് കുടുംബത്തോടുള്ള വൈരാഗ്യമാണെന്ന് തെളിയിക്കാന്‍ പോലീസിനായി.
.
പോലീസ് പിടിയിലായ പ്രതി ആദ്യം മാനസികരോഗം ഉള്ളതുപോലെയാണ് പെരുമാറിയത്. എന്നാല്‍, ഇത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നും പോലീസ് അന്വേഷണത്തില്‍ തെളിയിക്കാനായി. ആത്മാവിനെ സ്വതന്ത്രമാക്കി സഞ്ചാരം നടത്താനുള്ള ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ചോദ്യംചെയ്യലിന് പോലീസ് സൈക്യാട്രി ഡോക്ടറായ മോഹന്റോയിയുടെ സഹായംതേടി. ഡോക്ടറോട് പ്രതി കുറ്റം സമ്മതിച്ചു.

കൊലപാതകസമയത്തും ശേഷവും പ്രതി പെരുമാറിയത് മാനസികാരോഗ്യത്തോടുതന്നെയെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നൈയിലേക്ക് കടക്കുമ്പോള്‍ പണം, തിരിച്ചറിയല്‍രേഖകള്‍, വസ്ത്രങ്ങള്‍ തുടങ്ങി രക്ഷപ്പെടുന്നതിനുള്ള സാധനങ്ങളെല്ലാം കൃത്യമായി കൊണ്ടുപോയിരുന്നു. കൊലപാതകം നടത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും ആസൂത്രിതമായ നീക്കമാണ് പ്രതി നടത്തിയതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. മഴു ഓണ്‍ലൈനിലാണ് വാങ്ങിയത്.
.
യുട്യൂബിലൂടെ കൊലപാതകം നടത്തുന്നവിധം പല ആവര്‍ത്തി കണ്ടുപഠിച്ചു. മനുഷ്യശരീരത്തിന്റെ ഡമ്മിയുണ്ടാക്കി അതിലും പരിശീലിച്ചു. ഇതെല്ലാം അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കോടതിയില്‍ തെളിയിക്കാനായി. കൂടാതെ താന്‍കൂടി മരിച്ചു എന്നുവരുത്താന്‍ ഡമ്മിയും കത്തിക്കാന്‍ ശ്രമിച്ചു. കേഡലിന് വീട്ടില്‍നിന്നു നേരിടേണ്ടിവന്ന അവഗണനയും പിതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്ന നിരന്തരമായ ശകാരവുമാണ് പ്രതികാരത്തിന് കാരണമായത്.

വീട്ടിലെല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിരുന്നു. കേഡല്‍ പന്ത്രണ്ടാം ക്ലാസ് പഠനം കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ പഠനത്തിനുപോയെങ്കിലും അത് പൂര്‍ത്തിയാക്കാതെ കംപ്യൂട്ടര്‍ പഠനത്തിലേക്ക് തിരിയുകയും ചെയ്തു. ഇതൊക്കെ പ്രൊഫസറായിരുന്ന അച്ഛന്റെ എതിര്‍പ്പിന് കാരണമായി. ഈ വൈരാഗ്യം അച്ഛനെ വകവരുത്തുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചെന്നും കേഡല്‍ സമ്മതിച്ചു.
.

ആദ്യം അച്ഛനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന ഈ കേസില്‍ ശാസ്ത്രീയത്തെളിവുകള്‍ മാത്രമാണ് അന്വേഷണസംഘം ആശ്രയിച്ചത്.
.

.
ഓരോ കൊലയും ആസൂത്രണത്തോടെ

ആദ്യം അമ്മ – കേഡല്‍ ആദ്യം കൊലപ്പെടുത്തിയത് അമ്മയായ ഡോ. ജീന്‍ പദ്മത്തെയാണ്. താന്‍ നിര്‍മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ച് കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കുപുറകില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വൈകീട്ട് അച്ഛനും സഹോദരിയും – മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്തപോലെ താഴെ എത്തിയ പ്രതി അന്ന് വൈകീട്ടോടെ അച്ഛന്‍ രാജതങ്കത്തെയും സഹോദരി കരോളിനെയും മുകളിലത്തെ നിലയില്‍ എത്തിച്ച് അമ്മയെ കൊന്ന പോലെ തലയ്ക്ക് പിന്നില്‍ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേര്‍ന്ന് കന്യാകുമാരിക്ക് ടൂര്‍ പോയി എന്നായിരുന്നു കേഡലിന്റെ മറുപടി.
.

രണ്ടാംനാള്‍ ആന്റി – അടുത്ത ദിവസം രാത്രിയാണ് കേഡല്‍ ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ഫോണില്‍ വിളിക്കുന്നു എന്ന് കള്ളം പറഞ്ഞ് ലളിതയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചു. ശേഷം മറ്റ് കൊലകള്‍ക്ക് ഉപയോഗിച്ച് അതേ മഴു ഉപയോഗിച്ച് തലയ്ക്കുപിന്നില്‍ വെട്ടി കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒളിപ്പിച്ചു.

അടുത്ത ദിവസം ജോലിക്കാരി കേഡലിനോട് ലളിതയെക്കുറിച്ച് അന്വേഷിച്ചു. രാത്രി അമ്മയും അച്ഛനും സഹോദരിയും തിരികെ വന്നുവെന്നും ആന്റിയെക്കൂടി വിളിച്ചുകൊണ്ട് വീണ്ടും ടൂര്‍ പോയിരിക്കുകയാണ് എന്നുമായിരുന്നു മറുപടി. അടുത്ത രണ്ട് ദിവസങ്ങളിലും ഇതേ കള്ളംതന്നെ കേഡല്‍ പറഞ്ഞു. കൊലപാതകവിവരം പുറത്തറിഞ്ഞതുമില്ല.
.

കൊലപാതകങ്ങള്‍ നടത്തിയതിന്റെ അടുത്ത ദിവസം മൃതദേഹങ്ങള്‍ കത്തിക്കാന്‍ കേഡല്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെ പ്രതിക്ക് നിസ്സാര പൊള്ളലേറ്റു. അടുത്തദിവസം രാത്രി മൃതദേഹങ്ങള്‍ വീണ്ടും കത്തിക്കാന്‍ ശ്രമിച്ചു. തീ ആളിപ്പടരുന്നത് കണ്ട് അയല്‍ക്കാര്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തീ നിയന്ത്രണാതീതമായതോടെ കേഡല്‍ ചെന്നൈയിലേക്ക് പോയി. പിന്നീട് തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് അറസ്റ്റിലായത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!