സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ആദ്യ ഹജ്ജ് തീർഥാടക സംഘം കരിപ്പൂരിൽ നിന്നും ജിദ്ദയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട ആദ്യ തീർഥാടകസംഘം ജിദ്ദയിലെത്തി. ശനി പുലർച്ചെ 1.10ന് കരിപ്പൂർ വിമാനത്താവളം വഴി പുറപ്പെട്ട 172 പേരാണ് സൗദി സമയം പുലർച്ചെ 4.3ന്‌ ജിദ്ദയിലെത്തിയത്. 95 സ്ത്രീകളും 73 പുരുഷൻമാരുമാണ് സംഘത്തിൽ. പുലർച്ചെയെത്തിയ ഹാജിമാർ മക്കയിലേക്ക് പുറപ്പെട്ടു. ഇന്ത്യൻ കോൺസുൽ ജനറലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷനും സൗദി ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥരും തീർഥാടകരെ സ്വീകരിച്ചു. കെഎംസിസി വളണ്ടിയർമാരും ഹാജിമാരെ സ്വീകരിക്കാനെത്തിയിരുന്നു. ഇന്ന് രാവിലെ 8.30നും വൈകിട്ട് 4.30നുമായി രണ്ട് വിമാനങ്ങൾകൂടി തീർഥാടകരുമായി ഇന്ന് ജിദ്ദയിലെത്തും.
.
ആദ്യ തീർഥാടകസംഘം വെള്ളി രാവിലെ ഒമ്പതിനാണ് കരിപ്പൂരിലെ ഹജ്ജ്‌ ക്യാമ്പിലെത്തിയത്. ക്യാമ്പ് വൈകിട്ട് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.
.
വിമാനത്താവളത്തിൽ ക്യാമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ഹജ്ജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസിലാണ് തീർഥാടകർ എത്തിയത്. പാസ്‌പോർട്ട്, സ്‌റ്റീൽവള, ഐഡി കാർഡ്, ബോർഡിങ് പാസ്, ബാഗേജുകളിൽ പതിക്കുന്നതിനുള്ള ആർഎഫ്ഐഡി സ്‌റ്റിക്കർ ഉൾപ്പെടെയുള്ള യാത്രാരേഖകൾ വിതരണം ചെയ്‌തു. ഈ വർഷം ഏർപ്പെടുത്തിയ ആർഎഫ്ഐഡി കാർഡിൽ തീർഥാടകരുടെ പേര്, കവർനമ്പർ, മക്കയിലെയും മദീനയിലെയും താമസകേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുണ്ട്‌. ബാഗേജുകൾ കൃത്യമായി ട്രാക്ക് ചെയ്യാൻ ഇതുവഴി സാധിക്കും.
.
മറ്റന്നാൾ മുതൽ കണ്ണൂരിൽ നിന്നും, ഈമാസം 16 മുതൽ കൊച്ചിയിൽ നിന്നും തീർഥാടകരുടെ യാത്ര തുടങ്ങും. മദീന സന്ദർശനം പൂർത്തിയാക്കിയ ഇന്ത്യൻ ഹജ്ജ് തീർഥാടകർ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തുന്നുണ്ട്. ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ വരവ് നാളെ മുതലാണ് ആരംഭിക്കുന്നത്. ജിദ്ദ വഴിയെത്തുന്ന മുഴുവൻ ഹജ്ജ് തീർഥാടകരും ഹജ്ജ് കഴിഞ്ഞ് മദീന സന്ദർശനം പൂർത്തിയാക്കും. മദീന വഴിയായിരിക്കും ഇവരുടെ നാട്ടിലേക്കുള്ള മടക്കം.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!