ഇരുട്ട്, വെടിയൊച്ച, ഉറങ്ങിയിട്ട് നാലുദിവസമായി; തമിഴ്നാട്ടുകാരായ വിദ്യാര്‍ഥികളൊക്കെ നാളെ മടങ്ങും, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ലേ?- യുദ്ധമേഘലയിൽ നിന്ന് മലയാളി വിദ്യാർഥികൾ
കോഴിക്കോട്: ”രാത്രിയായാല്‍ വൈദ്യുതിയുണ്ടാവില്ല, തുള്ളിവെളിച്ചമില്ലാതെ ഇരുട്ടിലാണ് നേരംപുലരുവോളം, വെടിയൊച്ചപോലെയുള്ള ശബ്ദങ്ങള്‍ കേള്‍ക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാല്‍ മതി. തമിഴ്നാട്ടുകാരായ വിദ്യാര്‍ഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് പറയുന്നു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാന്‍ ആരുമില്ല” -ജമ്മു-കശ്മീര്‍ ബാരാമുള കാര്‍ഷികസര്‍വകലാശാലയിലെ എംഎസ്സി വിദ്യാര്‍ഥിനി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഫാത്തിമ തജ്വ സംസാരിക്കുമ്പോള്‍ത്തന്നെ ഭയപ്പാടിലാണ്.
.
പാകിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള ബാരാമുളയിലെ സോപ്പൂരിലാണ് ഫാത്തിമ പഠിക്കുന്ന കാര്‍ഷികസര്‍വകലാശാലയുടെ ഓഫ് കാംപസ്. രാത്രിയായാല്‍ വൈദ്യുതിബന്ധം വിച്ഛേദിക്കും. പിന്നെ വെള്ളംപോലുമുണ്ടാവില്ല.
”കുപ്വാരയിലടക്കം ഷെല്ലാക്രമണങ്ങള്‍ നടക്കുന്നു എന്നുകേള്‍ക്കുന്നുണ്ട്. അത് ഇവിടെനിന്ന് അധികംദൂരെയല്ല. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ എന്തോ വന്ന് വീഴുന്ന രീതിയിലുള്ള കനത്തശബ്ദംകേട്ടിരുന്നു. പിറ്റേദിവസമാണ് എന്താണെന്ന് മനസ്സിലായത്. കശ്മീരികളായ വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങി. ഇപ്പോള്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ മാത്രമാണ് ശേഷിക്കുന്നത്. ഞാനടക്കം 22 മലയാളികളുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ ഹോസ്റ്റലില്‍ കഴിച്ചുകൂട്ടുകയാണ്. ഭീതിയുള്ള സാഹചര്യത്തില്‍ തുടരേണ്ടിവരുന്നതുകൊണ്ട് എല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണ്. ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്” -ഫാത്തിമയുടെ വാക്കുകളില്‍ നിസ്സഹായത നിറയുന്നു.
.
”ഹോസ്റ്റലാണ് സുരക്ഷിതമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തണം. ഞങ്ങള്‍ക്കുമുന്നില്‍ ഒരുവഴിയുമില്ല. വിമാനത്താവളം അടച്ചു. രണ്ടുമണിക്കൂറെടുക്കും റെയില്‍വേ സ്റ്റേഷനിലെത്താന്‍. ട്രെയിന്‍ സര്‍വീസുണ്ടോ എന്നുപോലും അറിയില്ല. വ്യാഴാഴ്ച രാത്രി കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കാണിച്ച് ഇ-മെയില്‍ അയച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല”.
കശ്മീരിന്റെ പലഭാഗങ്ങളിലായി 100 വിദ്യാര്‍ഥികള്‍ തന്റെ അറിവില്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും എന്‍ഐടിയില്‍ ഉള്‍പ്പെടെ പഠിക്കുന്നവര്‍ വേറെയുമുണ്ടെന്നും ഫാത്തിമ പറയുന്നു.
.
താരതമ്യേന സുരക്ഷിതമായ ശ്രീനഗറിലാണെങ്കിലും നാട്ടിലെത്താനുള്ള വഴിതേടുകയാണെന്നാണ് ഷാലിമാറിലെ ഷേര്‍ ഇ കശ്മീര്‍ അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയിലെ എംഎസ്സി ഹോര്‍ട്ടികള്‍ച്ചര്‍ വിദ്യാര്‍ഥിനി കോഴിക്കോട് മടവൂര്‍ സ്വദേശി ഫാത്തിമ നേഹ പറയുന്നത്. 20 മലയാളിവിദ്യാര്‍ഥികള്‍ നേഹയ്‌ക്കൊപ്പമുണ്ട്.
”രാത്രിയില്‍ ഇവിടെയും വൈദ്യുതി വിച്ഛേദിക്കും. വ്യോമാക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പേടിതോന്നും. പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ േഹാസ്റ്റലില്‍ത്തന്നെ തുടരുകയാണ്. തെലങ്കാന, തമിഴ്‌നാട് സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ കൊണ്ടുപോവാന്‍ ശ്രമം നടത്തുന്നുണ്ട്. നോര്‍ക്ക റൂട്ട്‌സില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ േചാദിച്ചിരുന്നു. അതിനപ്പുറത്തേക്ക് ഒന്നുമറിയില്ല. മണ്ണിടിഞ്ഞ് ജമ്മു-ശ്രീനഗര്‍ റോഡ് അടച്ചിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടുമണിക്കൂര്‍ യാത്രചെയ്യണം. നാട്ടുകാര്‍ക്ക് പ്രശ്‌നമില്ല. അവര്‍ക്ക് ഇതെല്ലാം പരിചിതമാണ്. ഞങ്ങളാണ് പേടിച്ചുകഴിയുന്നത്. ശ്രീനഗര്‍ നിലവില്‍ സുരക്ഷിതമാണെന്നത് മാത്രമാണ് ആകെ ഒരാശ്വാസം” -നേഹ പറയുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.