പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന പ്രിയരഞ്ജന് ജീവപര്യന്തം; ക്രൂരകൃത്യം ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ
തിരുവനന്തപുരം: ∙ കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന്‍ മനഃപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പിഴത്തുക ആദിശേഖറിന്റെ മാതാപിതാക്കൾക്ക് നൽകണം.
.
പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്. സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് കന്യാകുമാരി കുഴിത്തുറയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
.
സംഭവം നടന്ന് രണ്ടാം ദിവസം വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭാര്യയ്‌ക്കൊപ്പം പ്രിയരഞ്ജന്‍ ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്‌നാട്ടിലുമായിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ അരുമന, ദേവിയോട് പ്രദേശങ്ങളിലായിരുന്നു താമസം. സംഭവം നടന്ന് 12-ാം ദിവസമായിരുന്നു അറസ്റ്റ്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു കണ്ടെത്തിയതായി പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ആദിശേഖറിനോടു മുന്‍വൈരാഗ്യമുള്ള പ്രിയരഞ്ജന്‍ കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
.
അതേസമയം, ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ സൈക്കിളില്‍ ഇടിച്ചതാണെന്നും ആണ് പ്രിയരഞ്ജന്റെ വാദം. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാല്‍ പരിചയക്കുറവുമുണ്ടായിരുന്നു. തനിക്കെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.