റഹീം കേസിൽ ഇന്ന് വിധി പ്രതീക്ഷിച്ചു; പക്ഷേ കേസ് വീണ്ടും മാറ്റി

റിയാദ്: സൗദി ബാലൻ മരിച്ച കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വീണ്ടും മാറ്റിവെച്ചു. ഇത് 12ാം തവണയാണ് കേസ് കോടതി മാറ്റി വെക്കുന്നത്. കേസിലെ ഒറിജിനൽ രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുക. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നതായി കോടതി അറിയിച്ചു. അടുത്ത സിറ്റിങ് തിയ്യതി പിന്നീട് അറിയിക്കും.
.
കേസിൽ കോടതി ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടതായി റിയാദിലെ നിയമ സഹായ സമിതി കഴിഞ്ഞ സിറ്റിങ്ങിന് ശേഷം അറിയിച്ചിരുന്നു. പഴയ കേസായതിനാൽ ഇത് ഹാജരാക്കുന്നതിലെ കാലതാമസമാണ് നിലവിൽ കേസ് തുടർച്ചയായി മാറ്റിവെക്കുന്നതിന് കാരണം. കേസ് ഫയല്‍ പരിശോധന പൂര്‍ത്തിയായാല്‍ കോടതി വിധി പറഞ്ഞേക്കും. കേസിൽ റഹീമിന് അനുകൂലമായി മോചന വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേസ് രേഖകൾ അവതരിപ്പിച്ച് ഭാരവാഹികൾ പറഞ്ഞിരുന്നു.
.
കേസ് പരിശോധിച്ച കോടതി കേസിന്റെ ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെടാൻ കാരണമുണ്ട്. കേസിൽ സൗദി പൗരൻ മരിച്ചത് ആശുപത്രിയിൽ വെച്ചാണ്. ഇത് മനപൂർവമായ കൊലപാതമല്ല എന്ന വാദങ്ങളുൾപ്പെടെ പരിഗണിക്കാൻ കേസ് ഡയറി ആവശ്യമാണ്. ഈ കേസ് ഡയറി ബന്ധപ്പെട്ട വകുപ്പിൽ നിന്ന് കോടതിയിലെത്തിയാലേ തുടർ നടപടിയുണ്ടാകൂ. ഇതിനുള്ള കാലതാമസമാണ് ഇപ്പോൾ നേരിടുന്നതെന്നാണ് കഴിഞ്ഞ തവണ നിയമ സഹായ സമതി വ്യക്തമാക്കിയത്.
.
അബ്ദുറഹീമിന്റെ കേസ് 11ാം തവണയും മാറ്റിവെച്ചതിന് പിന്നാലെയാണ് റിയാദിലെ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ കഴിഞ്ഞ തവണ ഇക്കാര്യത്തിൽ വിശദീകണവുമായി മാധ്യമങ്ങളെ കണ്ടത്. കേസിൽ റഹീമിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ സിദ്ദീഖ് തുവ്വൂരും നിയമസഹായ സമിതി ഭാരവാഹികളും കേസിലെ ഇതുവരെയുണ്ടായ നടപടിക്രമങ്ങൾ വിശദീകരിച്ചിരുന്നു.
.
ജനകീയ ധനസമാഹരണത്തിലൂടെ സമാഹരിച്ച തുക കൊല്ലപ്പെട്ട ബാലൻ്റെ കുടംബത്തിന് കൈമാറിയിരുന്നു. തുടർന്ന് ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയുള്ള വിധി വന്നു. സ്വകാര്യ അവകാശത്തിന്റെ അടിസ്ഥാനത്തിൽ അഥവാ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പു നൽകിയതിന് പിന്നാലെയായിരുന്നു ഈ വിധി. എന്നാൽ സൗദി ഭരണകൂടത്തിന് ഏതൊരു കൊലപാതക കേസിലും മോചനം സംബന്ധിച്ച് തീരുമാനമെടുക്കാം. അതുമായി ബന്ധപ്പെട്ട പൊതു അവകാശ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള സെഷനുകളാണ് ഇനി പൂർത്തിയാകേണ്ടത്. ഇതിൽ ആദ്യ സിറ്റിങ് നടന്നത് ഒക്ടോബർ 21നാണ്. കേസ് പരിശോധിച്ച കോടതി അത് ഡിവിഷൻ ബെഞ്ചിന് കൈമാറി. അതായത് വധശിക്ഷ വിധിച്ച അതേ ബെഞ്ച് തന്നെ ഇത് റദ്ദാക്കണമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. അങ്ങനെ നവംബർ 17നാണ് ഡിവിഷൻ ബെഞ്ചിൽ പ്രോസിക്യൂഷന്റേയും റഹീമിന്റെയും വാദങ്ങൾ കോടതി കേട്ടത്.
.
കോടതി നടപടികൾ സ്വാഭാവികമാണ്. ഏറെ മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാലാണ് ഓരോ മാറ്റിവെക്കലിലും ജനങ്ങൾ നിരാശരാകുന്നത്. വധശിക്ഷ റദ്ദായാൽ ജയിൽ ശിക്ഷയാണ് ഈ കേസിൽ ലഭിക്കുക. അതിൽ ലഭിക്കാവുന്ന കാലപരിധിയിലേറെ റഹീം ജയിലിൽ കഴിഞ്ഞതിനാൽ മോചന വിധി ഉടൻ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീം സൗദി ജയിലില്‍ കഴിയുന്നത്. 2006-ലാണ് റഹീം അറസ്റ്റിലായത്. കൊല്ലപ്പെട്ട ബാലന്റെ ബന്ധുക്കള്‍ ദയാധനം വാങ്ങി ഒത്തുതീര്‍പ്പിന് തയ്യാറായാതോടെയാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
.
കൊല്ലപ്പെട്ട ബാലൻ്റെ കുടുംബത്തിന് പണം കൈമാറിയതിന്റെ ചെക്കുകളും വധശിക്ഷ റദ്ദാക്കിയുള്ള കോടതി വിധിയും കേസിൽ ഇതുവരെയുള്ള സെഷന്റെ രേഖകളും സഹായസമിതി മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. കേസ് മാറ്റിവെക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് നിയമ സഹായസമിതിക്കെതിരെ ചിലർ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കാൻ കൂടിയായിരുന്നു വിശദീകരണം.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!