കോഴിക്കോട് മെഡി.കോളേജിലെ അപകടം: മരണങ്ങൾ പുക ശ്വസിച്ചതിനെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിന് പിന്നാലെ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പുക ശ്വസിച്ചതിനെ തുടർന്നല്ല മരണങ്ങൾ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
.
മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ റിപ്പോർട്ട് ആണ് പുറത്ത് വന്നിട്ടുള്ളത്. ഇവർ നേരത്തെ തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളായിരുന്നു. ശ്വാസകോശത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ കോളേജിലെ പിഎംഎസ്എസ്‌വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തിൽ എംആർഐ യൂണിറ്റിന്റെ യുപിഎസിൽ (ബാറ്ററി യൂണിറ്റ്) ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഭയനകമായ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടാവുകയും പുകപടലം ഉയരുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി 7.45-ഓടെ താഴത്തെനിലയിലാണ് പുക ഉയർന്നത്.
.
വയനാട് മേപ്പാടി സ്വദേശിയായ നസീറ, കോഴിക്കോട് മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരെല്ലാവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളായിരുന്നുവെന്നാണ് വിവരം.
വിഷം കഴിച്ചതിനെത്തുടർന്നാണ് നസീറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മറ്റുള്ളവരും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ആളുകളാണ്. അപകടമുണ്ടായ സമയത്ത് വളരെ പെട്ടെന്ന് തന്നെ ഇവരെ ആശുപത്രിയിൽനിന്ന് പുറത്തിറക്കിയിരുന്നുവെന്നാണ് വിവരം. കാഷ്യാലിറ്റിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലെ പുക ശ്വസിച്ചതിനെ തുടർന്നല്ല ഇവരുടെ മരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
.
അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലും അസ്വാഭാവിക മരണത്തിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. മരണം വിശദമായി അന്വേഷിക്കാൻ വിദഗ്ദ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.