പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ 20,000 റിയാൽ വരെ പിഴ; മക്കയിലേക്ക് പ്രവേശിച്ചാൽ നാട് കടത്തും, പത്ത് വർഷത്തേക്ക് സൗദിയിലേക്ക് തിരിച്ച് വരാനാകില്ല
മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ ഹജ്ജ് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1446 ദുൽഖഅ്ദ 1 മുതൽ ദുൽഹിജ്ജ 14 വരെ (2025 ഏപ്രിൽ 29 മുതൽ ജൂൺ 11 വരെ) എല്ലാത്തരം സന്ദർശന വിസകളിലുള്ളവർക്കും മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്കുണ്ട്. മക്കയുടെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെവിടെയും പ്രവേശിക്കാനോ താമസിക്കാനോ പാടില്ല.
.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഈ മുന്നറിയിപ്പ് അവഗണിച്ച് അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്നവരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്നും അടുത്ത 10 വർഷത്തേക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൌദിയിലെ പ്രവാസികൾക്കും ഈ നിയമം ബാധകമാണ്.
സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രാലയം ആവർത്തിച്ചു. ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
നിയമവിരുദ്ധമായ ഹജ്ജ് പ്രവർത്തനങ്ങൾ തടയുന്നതിനും തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ മുന്നറിയിപ്പ്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.