നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമര പിടിയിൽ; വലയിലാക്കിയത് പൊലീസിൻ്റെ തന്ത്രപരമായ നീക്കത്തിലൂടെ, പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ
നെന്മാറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര (58) പിടിയില്‍. പ്രതിയുടെ വീടിനടുത്തുവെച്ച് തന്നെയാണ് പ്രതി പിടിയിലായതെന്ന് പാലക്കാട് എസ്.പി പറഞ്ഞു. പ്രതി വളരെയേറെ ക്ഷീണിതനായിരുന്നുവെന്നും വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നു പ്രതിയെന്നും എസ്.പി പറഞ്ഞു. വീടിന് തൊട്ടടുത്തുള്ള പാടത്തുനിന്നാണ് ചെന്താമരയെ പിടികൂടിയതെന്ന് ആലത്തൂർ ഡിവഐഎസ്പി വ്യക്തമാക്കി. ചെന്താമരയ്ക്ക് വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇയാള്‍ വീട്ടിലേക്ക് വരുമെന്നും പൊലീസ് കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്താമരയുടെ വീടിന് സമീപം പൊലീസ് വലവിരിച്ചിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെയാണ് ചെന്താമരയെ പിടികൂടിയത്. പ്രതി കീഴടങ്ങിയതല്ല. പ്രതിക്ക് ഓടാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
.
വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചതിന് ശേഷമാണ് ഇപ്പോൾ ചെന്താമര പിടിയിലായത്. 36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിപിടിയിലായത്.
.
ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ജനങ്ങളില്‍ നിന്ന് സുരക്ഷിതമായി നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലായ സമയത്ത് ചെന്താമര അവശനിലയിലായിരുന്നു. അതുകൊണ്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടനെ ആശുപത്രിയിലേക്ക് മാറ്റും. പ്രതിയെ പിടികൂടിയതറിഞ്ഞ് പോലീസ് സ്റ്റേഷന് മുന്നില്‍ വലിയ ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിവീശേണ്ടിയും വന്നു.
.
ഇന്ന് തെരച്ചിൽ അവസാനിപ്പിച്ച് പൊലീസും നാട്ടുകാരും മടങ്ങിയ ശേഷമാണ് പ്രതി പിടിയിലായത്. പൊലീസ് പിൻവാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ രഹസ്യമായി വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഈ സമയം ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന പൊലീസിൻ്റെ തന്ത്രപരമായ നീക്കം കൃത്യമായി ഫലം കാണുകയായിരുന്നു.
.
ഇന്ന് വൈകിട്ടോടെ മാട്ടായി മേഖലയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇളയ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തി തിരിച്ചുപോകുന്നതിനിടെ പൊലീസ് ഇയാളെ കണ്ടിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാൾ ഓടിയെന്നും പറഞ്ഞ് പൊലീസും പിന്നാലെ എത്തി. ഇതിനിടെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികളും ചെന്താമരയെ കണ്ടുവെന്ന് പറഞ്ഞു. അത് ചെന്താമരയാണെന്നും പിടിക്കണമെന്നും പൊലീസ് വിളിച്ചുപറഞ്ഞതോടെ കുട്ടികളും പിന്നാലെ ഓടി. എന്നാൽ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു. രാത്രി ഏറെ വൈകിയും മാട്ടായി മേഖലയിൽ പരിശോധന തുടരുകയായിരുന്നു.
.
ജനങ്ങൾ വളരെയധികം അക്രമാസക്തരാണ്. ഈ സാഹചര്യത്തിൽ പ്രതിയുടെ സുരക്ഷ പൊലീസിന് വലിയ പ്രയാസം സൃഷിട്ടിക്കും. ചെന്താമരയെ കിട്ടിയാല്‍ വെറുതെ വിടില്ലെന്നും തല്ലിക്കൊല്ലുമെന്നും പൊലീസിന് വിട്ടുകൊടുക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇത് തമാശ കളിയല്ല. ഇത്രയും ആള്‍ക്കാരെ മണ്ടന്മാരാക്കാമെന്ന് ചെന്താമര കരുതേണ്ടെന്നും നാട്ടുകാര്‍ രോഷത്തോടെ പറഞ്ഞിരുന്നു.
.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലാവുകയായിരുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.