പാലക്കാട് അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

പാലക്കാട്: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലാണ് നാടിനെ നടുക്കിയ ഇരട്ടകൊലപാതകം.  ലക്ഷ്മി (75) ഇവരുടെ മകൻ സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ  വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. (ചിത്രത്തിൽ പ്രതി ചെന്താമര) പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം. 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു പ്രതി. രണ്ട് മാസം മുമ്പാണ് കേസിൽ ജാമ്യത്തിലിറങ്ങിയത്. പ്രതി ഇന്ന് രാവിലെ പത്ത് മണിയോടെ സുധാകരൻറെ വീട്ടിലെത്തി അതേ കുടുംബത്തിലെ തന്നെ മറ്റു രണ്ടുപേരെ കൂടി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ലക്ഷ്മിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സുധാകരന്‍റെ മൃതദേഹം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തുനിന്ന് മാറ്റാനായിരുന്നില്ല. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്നു ചൂണ്ടിക്കാട്ടി ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയവരെ നാട്ടുകാർ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. കലക്ടർ എത്താതെ മൃതദേഹങ്ങളുടെ തുടർനടപടികൾ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. പിന്നീട് നാട്ടുകാരുമായി നടത്തിയ ചർച്ചയിലൂടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ലോറി ഡ്രൈവറായിരുന്നു ചെന്താമര. ഇയാളും ഭാര്യയും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിന് കാരണം അയൽവാസികളാണെന്ന ധാരണയിലാണ് 2019ൽ ചെന്താമര സജിതയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സജിതയെ വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പിന്നിൽ നിന്നും കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കാട്ടിൽ ഒളിച്ച ഇയാളെ പൊലീസ് അതീവ ശ്രമകരമായ ദൗത്യത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.
.
രണ്ട് മാസമായി ഇയാൾ നാട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ നാട്ടിലെത്തിയതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലായിരുന്നു. ഇയാൾ വീണ്ടും ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന സംശയം നാട്ടുകാർക്ക് ഉണ്ടായിരുന്നു. ഇക്കാര്യം വാർഡ് മെമ്പർ മുഖാന്തിരം പൊലീസിലും അറിയിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാർ ഭയന്നത് പോലെ ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടിൽ കയറി വീണ്ടും രണ്ട് പേരെ കൂടെ ചെന്താമര കൊലപ്പെടുത്തിയത്. 2019 ൽ കൊലപാതകത്തിന് മുൻപ് തന്നെ ഇയാൾ സജിതയടക്കം കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെന്നാണ് സിപിഎം നേതാവായ ശിവൻ പറയുന്നത്.

.
സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി. പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!