‘ചായ എടുക്കാൻ പോയ സമയം കത്തി മെത്തക്കടിയിൽ ഒളിപ്പിച്ചു, ലൈംഗിക ബന്ധത്തിനിടെ ആതിരയുടെ കഴുത്തില്‍ കുത്തി’; ജോണ്‍സൻ്റെ മൊഴി പുറത്ത്

കോട്ടയം: വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിക്കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്.
.
അതിക്രൂരമായിട്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സന്‍റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്‍റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷര്‍ട്ടില്‍ രക്തം പുരണ്ടതിനെ തുടര്‍ന്ന് ആതിരയുടെ ഭര്‍ത്താവിന്‍റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. ആതിരയുടെ സ്കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തിയ പ്രതി ട്രയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയത്.
.
കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ആത്മഹത്യാ ശ്രമത്തിനിടെ മരിക്കാതെ വന്നാല്‍ നാട്ടുകാരുടെ മര്‍ദനമേല്‍ക്കേണ്ടി വരുമെന്ന് കരുതിയാണ് ഇത് ചെയ്യാതിരുന്നുവെന്നും ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞു. മജിസ്ട്രേറ്റ് ജോണ്‍സന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കൽ. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
.

കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇയാൾ വീണ്ടുമെത്തി. ഈ വീട്ടിലെ യുവതിയാണ് ജോൺസനെ തിരിച്ചറിഞ്ഞ് പഞ്ചായത്തംഗത്തെ വിവരം അറിയിച്ചത്. പെട്ടെന്ന് വീട്ടിലെത്തി ബാഗുമായി കടന്നുകളയാൻ ശ്രമിച്ച ജോൺസനെ തന്ത്രപൂർവം പിടിച്ചുനിർത്തിയാണ് കോട്ടയം ചിങ്ങവനത്തെ രേഷ്മയും കുടുംബവും പൊലീസിനെ വിളിച്ചുവരുത്തിയത്.
.
എന്നാല്‍, വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ജോണ്‍സണ്‍ ജീവനൊടുക്കാൻ ശ്രമിച്ചത്. 48 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമെ ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനം എടുക്കൂ. അതിനിടെ കേസിൻ്റെ തുടർ നടപടികൾക്കായി കഠിനംകുളം പൊലീസ് കോട്ടയത്ത് എത്തി. കഴിഞ്ഞ 21 ആണ് ഇൻസ്റ്റാഗ്രാം സുഹൃത്ത് ആതിരയെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.
.
കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെയാണ്കഴുത്തിനു കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആതിരയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിര കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!