ജോലിക്കെത്തി 3 മാസം തികയും മുമ്പ് ഗുരുതര രോഗം; കാലിൽ തുടങ്ങി കരളിനെ വരെ ബാധിച്ചു, ഒടുവിൽ മലയാളി നഴ്സ് നാടണഞ്ഞു
റിയാദ്: സൗദിയിൽ നഴ്സായി ജോലിക്കെത്തി മൂന്നുമാസം തികയും മുമ്പ് ഗുരുതര രോഗം പിടിപെട്ട് ബുദ്ധിമുട്ടിലായ മലയാളി യുവതി നാട്ടിലേക്ക് മടങ്ങി. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യാറാണിക്ക് റിയാദിലെ കേളി കുടുംബവേദിയാണ് തുണയായത്. മൂന്നുമാസം മുമ്പാണ് റിയാദിലെ ഒരു ആശുപത്രിയിൽ നഴ്സ് ജോലിക്കെത്തുന്നത്. ആദ്യ രണ്ടുമാസത്തോളം തടസ്സമില്ലാതെ ജോലി ചെയ്തു. ജോലിക്കിടയിൽ വൈറൽ അണുബാധയേൽക്കുകയും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗം മൂർഛിക്കുകയുമായിരുന്നു.
തുടക്കത്തിൽ കാലിൽ നിന്നും തുടങ്ങിയ രോഗം വേഗത്തിൽ ശരീരം മൊത്തം വ്യാപിക്കുകയും നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. ഒരു കാലിൽ രണ്ടുതവണ ശസ്ത്രക്രിയ നടത്തി. അണുബാധ കരളിനെ ബാധിച്ചു തുടങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. തുടർന്ന് നാട്ടിൽ പോയി ചികിത്സ നടത്തുന്നതിനായി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ജോലിക്കെത്തി മൂന്ന് മാസം തികയും മുമ്പ് ലീവ് അനുവദിക്കാൻ സാധിക്കില്ല എന്ന നിലപാടിലായിരുന്നു അധികൃതർ.
സഹപ്രവർത്തകർ മുഖേന വിഷയം കേളി രക്ഷാധികാരി സമിതിയെ അറിയിക്കുകയും, കുടുംബവേദി വിഷയത്തിൽ ഇടപെടുകയുമായിരുന്നു. ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്താൽ കുടുംബവേദി പ്രവർത്തകർ ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് ദിവ്യാറാണിയുടെ ശാരീരികാവസ്ഥയും നാട്ടിലെ പശ്ചാത്തലവും ബോദ്ധ്യപ്പെടുത്തി, മൂന്ന് മാസത്തെ ലീവ് അനുവദിപ്പിച്ചു. റീ എൻട്രി വിസ ലഭ്യമാക്കുകയും ചെയ്തു.
കേളി വിമാന ടിക്കറ്റും നൽകി. എയർ ഇന്ത്യ എക്സ്പ്രസിൽ വീൽ ചെയർ സംവിധാനം ഒരുക്കി നൽകുകയും നാട്ടിലെത്തിക്കുന്നത് വരെയുള്ള സഹായത്തിനായി ഒരു യാത്രക്കാരനെ തരപ്പെടുത്തി നൽകുകയും ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അൻഷാദ് അബ്ദുൽ കരീമാണ് ദിവ്യാറാണിക്ക് സഹായിയായി കോഴിക്കോട് വിമാനത്താവളം വരെ അനുഗമിച്ചത്. കുടുംബവേദി ജോയിൻറ് സെക്രട്ടറി ഗീതാ ജയരാജ്, കേന്ദ്രകമ്മിറ്റി അംഗം ജയരാജ്, കുടുംബവേദി അംഗം അഫീഫ അക്ബറലി, ജീവകാരുണ്യ കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര, കമ്മിറ്റി അംഗം ജാർനെറ്റ് നെൽസൺ എന്നിവർ റിയാദ് വിമാനത്താവളം വരെ അനുഗമിച്ചു.
.
നടക്കാനോ നിൽക്കാനോ സാധിക്കാത്തതിനാൽ വിമാനത്തിൽ കയറുന്നതിന് ബുദ്ധിമുട്ട് നേരിട്ടെന്നും വിമാനം 30 മിനിറ്റോളം വൈകി പുറപ്പെടുന്ന അവസ്ഥ ഉണ്ടായതായും സഹയാത്രികൻ അൻഷാദ് പിന്നീട് അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ ഭർത്താവും ബന്ധുക്കളും ദിവ്യാറാണിയെ സ്വീകരിക്കുകയും പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചയ്തു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.