തൃശൂർ കപ്പെടുത്തൂട്ടാ… ഫോട്ടോഫിനിഷ്; 26 വർഷത്തിന് ശേഷം കനകകിരീടം വീണ്ടും തൃശൂരിലേക്ക്
തിരുവനന്തപുരം: കൗമാരകലയുടെ കനകകിരീടം വീണ്ടും കലയുടെ തലസ്ഥാനമായ തൃശൂരിലേയ്ക്ക്. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്‌ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരി 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്.
.
26 വർഷത്തിന് ശേഷമാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണം പേറുന്ന തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്. 1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. 1000 പോയന്റാണുള്ളത്.
.
തൃശൂരിന്റെ നാലാം കിരീടനേട്ടമാണിത്. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ മുൻപു ജേതാക്കളായത്. അവസാന ദിവസത്തേക്കും ആവേശം നീണ്ട മൽസരത്തിൽ നേരിയ വ്യത്യാസത്തിൽ പോയിന്റ് നില മാറിമറിഞ്ഞുകൊണ്ടിരുന്നതിനാൽ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു.
മറ്റ് ജില്ലകളുടെ പോയിന്റ് നില – കോഴിക്കോട് – 1000, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817. സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. തൊട്ടുപ്പിന്നിലുള്ളവരുമായി ബഹുദൂരം മുന്നിലാണവർ. വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
.
സമാപന സമ്മേളനം പ്രധാന വേദിയായ എംടി– നിളയിൽ (സെൻട്രൽ സ്റ്റേഡിയം) പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മുഖ്യാതിഥികള്‍. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.