ഗസ്സയിലെ സൈനിക നടപടി: ഇസ്രയേല്‍ സൈനികര്‍ക്ക് വിദേശരാജ്യങ്ങളില്‍ അറസ്റ്റ് ഭീഷണി, വിദേശരാജ്യങ്ങളിൽ നിയമനടപടിയുമായി ഫലസ്തീന്‍ അനുകൂല എന്‍ജിഒ
ടെല്‍ അവീവ്: ഗസ്സയിൽ സ്വീകരിച്ച സൈനിക നടപടിയുടെ പേരിൽ ഇസ്രായേൽ സൈനികർക്ക് വിദേശ രാജ്യങ്ങളിൽ നിയമനടപടികൾ നേരിടേണ്ടി വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരാജ്യങ്ങളിലും എത്തുന്ന ഇസ്രായേൽ സൈനികർക്ക് അറസ്റ്റുൾപ്പെടെയുള്ള നടപടികളാണ് നേരിടേണ്ടി വരിക. ഫലസ്തീൻ അനുകൂല എൻജിഒയാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
.
ഗസ്സയിലെ യുദ്ധക്കുറ്റം ആരോപിച്ച് ബ്രസീലിയൻ ഫെഡറൽ പൊലീസ് നിയമനടപടികൾ ആരംഭിച്ചതിനു പിന്നാലെ മുന്‍ ഐഡിഎഫ് സൈനികൻ രാജ്യത്തുനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഗസ്സയിൽ ഒക്ടോബർ ഏഴിനുശേഷം നടക്കുന്ന ആക്രമണത്തിൽ പങ്കെടുത്ത ഐഡിഎഫ് അംഗം യുവാൽ വാഗ്ദാനിയാണ് ഇസ്രായേൽ സഹായത്തോടെ ബ്രസീലിൽനിന്നു പുറത്തുകടന്നതെന്ന് പ്രാദേശിക മാധ്യമമായ ‘മെട്രോപോളിസ്’ റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് ‘ഹിന്ദ് റജബ് ഫൗണ്ടേഷൻ'(എച്ച്ആർഎഫ്) എന്ന എൻജിഒ നൽകിയ യുദ്ധക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ ബ്രസീൽ ഫെഡറൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
.
കഴിഞ്ഞ നവംബറിൽ ഗസ്സയിൽ വീടുകളും അഭയാർഥി കേന്ദ്രങ്ങളും ബോംബിട്ടു തകർത്ത സംഭവത്തിൽ പങ്കാളിയാണെന്നു കാണിച്ചാണ് ഇസ്രായേൽ സൈനികനെതിരെ എച്ച്ആർഎഫ് ബ്രസീലിയൻ ഫെഡറൽ ജില്ലാ കോടതിയെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിക്കാൻ ഫെഡറൽ പൊലീസിനോട് ഉത്തരവിടുകയായിരുന്നു കോടതി. അറസ്റ്റ് നടപടി ഉൾപ്പെടെയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രായേൽ വൃത്തങ്ങൾ യുവാലിനോട് എത്രയും വേഗം ബ്രസീലിൽനിന്നു രക്ഷപ്പെടാൻ നിർദേശിച്ചത്. ഞായറാഴ്ച ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ആണ് മന്ത്രാലയത്തിന്റെ കോൺസുലാർ വിഭാഗത്തിലെയും ബ്രസീലിലെ എംബസിയിലെയും വൃത്തങ്ങളെ വിളിച്ച് അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ടത്.
.
ബ്രസീലിലെ ഇസ്രായേൽ എംബസിയാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ട് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ബ്രസീലിലെ വിവിധ നഗരങ്ങളിൽ യാത്ര ചെയ്യുകയായിരുന്ന യുവാൽ വാഗ്ദാനി നിയമനടപടികളെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് ഇസ്രായേൽ വൃത്തങ്ങൾ അന്വേഷണത്തെ കുറിച്ച് അറിയിച്ചത്. ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശിക്കുകയും ചെയ്തു. തുടർന്ന് എംബസി വൃത്തങ്ങളുടെ സഹായത്തോടെയാണ് ബ്രസീലിൽനിന്നു രക്ഷപ്പെട്ടത്. സൈനികൻ വിമാനത്തിൽ ബ്രസീൽ വിട്ടതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
.
മകൻ സുരക്ഷിതമായി ബ്രസീലിൽനിന്നു രക്ഷപ്പെട്ടിട്ടുണ്ടെന്ന് യുവാലിന്റെ പിതാവ് ഇസ്രായേൽ മാധ്യമമായ ‘ചാനൽ 12’നോട് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്ക് മകന്റെ സന്ദേശം ലഭിച്ചിരുന്നു. ഇതിനുശേഷം ഫോണിൽ ബന്ധപ്പെടാനായില്ലെങ്കിലും സുരക്ഷിതമായി വീട്ടിലെത്തുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മകൻ ഏതെങ്കിലും കേസിൽ പ്രതിയല്ലെന്നും കടുത്ത യാതനകളിലൂടെ കടന്നുപോയ സൈനികനാണെന്നും പിതാവ് പറഞ്ഞു. 2023 ഒക്ടോബർ 23ന് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് ആക്രമണം നടക്കുമ്പോൾ സ്ഥലത്ത് യുവാലുണ്ടായിരുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
.
ഗസ്സയിലെ ആക്രമണത്തിൽ പങ്കെടുക്കുന്ന ഇസ്രായേൽ സൈനികർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫലസ്തീൻ അനൂകൂല എൻജിഒ ആണ് എച്ച്ആർഎഫ്. ഗസ്സയിൽ കുടുംബത്തോടൊപ്പം ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ഹിന്ദിന്റെ പേരിലാണ് എൻജിഒയ്ക്ക് രൂപം നൽകിയത്. സൈനികരുടെ വിദേശയാത്രകൾ ഉൾപ്പെടെ നിരീക്ഷിച്ച് ആ രാജ്യങ്ങളിലെ നിയമസംവിധാനങ്ങളിൽ പരാതി നൽകുന്നതാണു സംഘത്തിന്റെ രീതി. ഇത്തരത്തിലാണ് യുവാൽ വാഗ്ദാനി ബ്രസീലിൽ എത്തിയ വിവരം അറിഞ്ഞ് പ്രാദേശിക കോടതിയിൽ പരാതി നൽകിയത്.
.
തായ്ലന്‍ഡ്, ശ്രീലങ്ക, ചിലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇസ്രായേലി സൈനികരെ കുടുക്കുന്നതിനും എച്ച്ആര്‍എഫ് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഗാസയില്‍ ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ അധികാരികള്‍ക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഇന്റര്‍പോളിനും പരാതികളയച്ചിട്ടുണ്ട്.
.
🚨🚨 Urgent Alert❗️
The #HindRajabFoundation has verified information that Israel is imminently attempting to smuggle suspected Israeli war criminal Yuval Vagdani out of Brazil, because of a Brazilian court order for police to take investigative measures against him. There are… pic.twitter.com/DiIigN4kC2— The Hind Rajab Foundation (@HindRFoundation) January 4, 2025
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.