40,000 ഡോളര്‍ കൊടുത്തിട്ടും നിമിഷപ്രിയക്ക് രക്ഷയില്ല; ‘തലാലിൻ്റെ കുടുംബത്തിലേക്ക് പണം എത്തിയതായി അറിയില്ല’- വെളിപ്പെടുത്തലുമായി അഭിഭാഷകൻ
തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വ്യക്തമാക്കുമ്പോഴും ദയാധനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. 40,000 യുഎസ് ഡോളറാണ് (ഏകദേശം 34 ലക്ഷം രൂപ) ചര്‍ച്ചകള്‍ക്കു മുന്‍പായി യെമനിലെ ഗോത്ര നേതാക്കള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
.
ഇതിന്റെ ആദ്യ ഗഡുവായ 20,000 ഡോളര്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്നെ നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണം ഉണ്ടാകാതിരുന്നതു കൊണ്ട് രണ്ടാം ഗഡു കൊടുക്കുന്നതു വൈകി. ഡിസംബര്‍ അവസാന വാരമാണ് രണ്ടാം ഗഡുവായ 20,000 ഡോളര്‍ കൂടി മധ്യസ്ഥ ചര്‍ച്ച നടത്തിയവര്‍ക്ക് സൗദി ആസ്ഥാനമായ ഇന്ത്യന്‍ നയതന്ത്ര മിഷന്‍ വഴി നല്‍കിയത്. എന്നാല്‍ ഇതു കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ശരിവച്ചുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
.
തലാല്‍ അബ്ദുമഹ്ദിയെന്ന യെമന്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ 2017 മുതല്‍ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ കഴിയുന്നത്. ദയാധനമായി നല്‍കിയ 40,000 ഡോളറില്‍നിന്ന് ഒരു ഭാഗം പോലും തലാലിന്റെ കുടുംബത്തിന് ലഭിച്ചതായി അറിവില്ലെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു. ഇന്ത്യന്‍ അധികൃതരും ഹൂതികളും തമ്മില്‍ ഉഭയകക്ഷി ബന്ധം ഇല്ലാത്തതാണ് വിഷയത്തിലെ പ്രതിസന്ധിയെന്നും സുഭാഷ് വ്യക്തമാക്കി.
യെമനില്‍ ഇപ്പോള്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. പ്രശ്‌നത്തില്‍ ഇറാന്‍ ഇടപെടാമെന്ന് അറിയിച്ചിരിക്കുന്നത് നിമിഷപ്രിയയുടെ മോചനത്തില്‍ നിര്‍ണായകമാകുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കുക എന്നതാണ് ഏക പോംവഴി. എത്ര പണം വേണമെന്ന് തലാലിന്റെ കുടുംബമാകും നിശ്ചയിക്കുകയെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ചര്‍ച്ചകളുടെ സമയം കഴിഞ്ഞെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാംഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറിയില്ല. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് ചര്‍ച്ചകളില്‍ വിശ്വാസം നഷ്ടമായി. അവസരമുള്ളപ്പോള്‍ ഉപയോഗിക്കാനായില്ല, ഇപ്പോള്‍ അവസരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
നിമിഷപ്രിയയുടെ മോചനവഴികള്‍ തേടി മാസങ്ങളായി യെമനില്‍ കഴിയുന്ന അമ്മ പ്രേമകുമാരി എന്തു ചെയ്യണമെന്ന് അറിയാതെ കണ്ണീരോടെ കാത്തിരിക്കുകയാണ്. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലില്‍ചെന്നു കാണാന്‍ സാധിച്ചിരുന്നു.
.
2011ല്‍ യെമനില്‍ എത്തിയ നിമിഷപ്രിയ 2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നിമിഷപ്രിയയുടെ ഭര്‍ത്താവും കുട്ടിയും 2014ല്‍ തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് നിമിഷപ്രിയയുമായി വിവാഹം കഴിച്ചതായി തലാല്‍ വ്യാജരേഖയുണ്ടാക്കുകയും അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയും ഭീഷണപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്നു.
ഏതുവിധേനയും പാസ്‌പോര്‍ട്ട് എടുത്ത് രക്ഷപ്പെടാനായി നിമിഷപ്രിയ തീരുമാനിച്ചു. തലാലിനെ മരുന്നു കുത്തുവച്ച് മയക്കിക്കിടത്തി പാസ്‌പോര്‍ട്ട് എടുക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. 2023ല്‍ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.