ഹോണടിച്ചു, സൈഡ് കൊടുത്തില്ല; മഹാരാഷ്ട്രയിൽ കാറുകളും കടകളും കത്തിച്ചു, സംഘർഷം
മുംബൈ: ഹോൺ അടിച്ചതിന്റെ പേരിലുണ്ടായ വാക്കുതർക്കം കലാശിച്ചത് സംഘർഷത്തിൽ. പുതുവർഷരാവിൽ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലായിരുന്നു സംഘംതിരിഞ്ഞ് അക്രമം. പ്രദേശത്തെ നിരവധി കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു.
ഒരു കാർ ഡ്രൈവർ ഹോണടിച്ച് മുന്നിൽ പോയ വാഹനത്തോട് സൈഡ് കൊടുക്കാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീകൊളുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്‌തു. പ്രദേശത്ത് രാത്രി ഏർപ്പെടുത്തിയ കർഫ്യു ഇന്ന് രാവിലെയാണ് പിൻവലിച്ചത്.
.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും സംസ്ഥാന റിസർവ് പോലീസ് സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഘർഷത്തിനിടെ 15 കടകൾ തകർന്നതായാണ് റിപ്പോർട്ട്. മൂന്ന് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി ഒരു കടയുടമ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പ്രദേശത്ത് കട നടത്തി വരികയായിരുന്നു ഇയാൾ.
ശിവസേന നേതാവും സംസ്ഥാന മന്ത്രിയുമായ ഗുലാബ്രാവു പാട്ടീലിൻ്റെ ഡ്രൈവറാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. അക്രമത്തിന് രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ച് എൻസിപി-എസ്‌സിപി നേതാവ് ജിതേന്ദ്ര അവാദ് രംഗത്തെത്തി. മന്ത്രി ഗുലാബ്രാവു പാട്ടീൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ശിവസേന എംഎൽസിയും പാർട്ടി വക്താവുമായ മനീഷ കയാൻഡെ ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് എംഎൽഎ നിതിൻ റാവത്തും രംഗത്തെത്തി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.