എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിനെ വിമർശിച്ച് കോടതി; ‘ഒരു ദുരന്തത്തിനു തൊട്ടുപിന്നാലെ എങ്ങനെയാണ് ഇങ്ങനെ ചോദിക്കുക’? – കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് കത്ത് ഹൈക്കോടതിയിലെത്തിയത്. കേന്ദ്രം സമര്‍പ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കി തുക 8 വര്‍ഷം മുന്‍പ് വരെ നടന്ന ദുരന്തങ്ങളിലെ സഹായത്തിനും കൂടി ചേര്‍ത്താണ്. ആദ്യ ബില്ല് 2006ലെ ദുരന്തത്തിന്‍റെതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നല്‍കുന്നതെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും  ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ  കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
.
ജൂലൈ 30നാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകള്‍ ഓർമപ്പെടുത്തി 2024 ഒക്ടോബർ 22ന് കേന്ദ്രം കത്തയച്ചിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിനു തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു ‘മാന്ത്രിക ഓർമപ്പെടുത്തൽ’ അയച്ചത് എന്നും കോടതി വാക്കാൽ ചോദിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കാനും കോടതി നിർദേശിച്ചു.
.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുെട ബെഞ്ച് കേന്ദ്രത്തോട് ചോദ്യങ്ങൾ ആരാഞ്ഞത്. ദുരന്തത്തെ നേരിടാൻ സംസ്ഥാന സർക്കാർ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്നു കോടതി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രത്തിനു നൽകാൻ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) വകയിരുത്തിയിട്ടുള്ള തുക വാങ്ങുന്നത് കുറച്ചുനാൾ നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

132.62 കോടി രൂപയിൽ 2024 മേയ് മാസം വരെയുള്ള 120 കോടി രൂപ കേരളം നൽകുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കുന്നത് അനുവദിക്കാമോ എന്ന് ഇനി കേസ് പരിഗണിക്കുന്ന ജനുവരി 10ന് കേന്ദ്രം അറിയിക്കണം. ഇതിനൊപ്പം എസ്ഡിആർഎഫിലെ തുക ചെലവഴിക്കുന്നതിന് മാനദണ്ഡങ്ങളിൽ ആവശ്യമായ ഇളവ് അനുവദിക്കുന്ന കാര്യവും കേന്ദ്രം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ആശ്വാസമായി 219 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ 153 കോടി രൂപ കേന്ദ്രം അനുവദിച്ചെങ്കിലും നിബന്ധനകൾക്ക് വിധേയമായിരുന്നു. എസ്ഡിആർഎഫിലുള്ള തുകയുടെ 50 ശതമാനം വിനിയോഗിക്കുന്നതിന് അനുസൃതമായി മാത്രമേ ഈ തുക ലഭിക്കൂ എന്നതായിരുന്നു ഇത്. എന്നാൽ എസ്‍ഡിആർഎഫിൽ 700.5 കോടി രൂപ ഉണ്ടെങ്കിലും ഇതിൽ 638.97 കോടി രൂപയും പലവിധ ആവശ്യങ്ങൾക്കായി ഇതിനകം തന്നെ വകയിരുത്തിയിട്ടുള്ളതാണ്. ബാക്കി വരുന്ന 61.03 കോടി രൂപ മാത്രമാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു.

ഫലത്തിൽ 153 കോടി രൂപ ലഭിക്കില്ല എന്നതാണ് ഇതിനർഥമെന്നും സംസ്ഥാന സർക്കാർ പറയുന്നു. തുടർന്നാണ് എസ്ഡിആർഎഫിൽ മുൻ രക്ഷാപ്രവർത്തനത്തിന്റെ പ്രതിഫലമായി നീക്കി വച്ചിട്ടുള്ള 120 കോടി രൂപ അടിയന്തരമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കാമോ എന്നറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. പുതുവത്സരത്തില്‍ വയനാട് നടത്താൻ തീരുമാനിച്ചിട്ടുള്ള ഫെസ്റ്റിന്റെ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!