അരീക്കോട് പോലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവം: സഹപ്രവർത്തകരുടെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്

മലപ്പുറം: അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. അസി.കമാൻഡന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാ​ഗ്യം ഉണ്ടായിരുന്നതായും ഉദ്യോ​ഗസ്ഥതല പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്നുമുള്ള ​ഗുരുതര ആരോപണങ്ങളാണ് സഹപ്രവർത്തകരായ കമാൻഡോകളുടെ മൊഴിയിലുള്ളത് എന്നാണ് വിവരം. (ചിത്രത്തിൽ മരിച്ച വിനീത്)
.
വിനീതിന്റെ ആത്മഹത്യയിൽ, കൊണ്ടോട്ടി ഡിവൈ.എസ്.പി സേതുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് വിനീതിന്റെ സഹപ്രവർത്തകരായ എസ്.ഒ.ജി കമാൻഡോകളുടെ മൊഴി രേഖപ്പെടുത്തിയത്.

മൂന്ന് വർഷം മുൻപ് വിനീതിന്റെ സുഹൃത്തായ കമാൻഡോ സുനീഷ് ക്യാമ്പിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് വിനീത് ചോദ്യം ചെയ്തതാണ് കമാൻഡന്റ് അജിത്തിനുള്ള വൈരാ​ഗ്യത്തിന് കാരണം എന്നാണ് മൊഴി.

2021 സെപ്റ്റംബർ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. വയനാട് സ്വദേശിയായ സുനീഷ് മരിച്ചത് എസ്ഒജി ക്യാമ്പിലെ ട്രെയിനിങ്ങിനിടെയായിരുന്നു. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ആരോപണം ഉയർന്നിരുന്നു. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ല. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവൻ നഷ്ടമായിരുന്നു. സുനീഷിന്റെ മരണത്തിൽ എസി അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഈ സംഭവത്തെ തുടർന്നാണ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായതെന്നും ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നു. വിനീതിന്റെ ആത്‍മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും ഉറപ്പിക്കുന്നതാണ് സഹപ്രവർത്തകരുടെ മൊഴി.
.
അരീക്കോട് സായുധ പൊലീസ് ക്യാമ്പിലാണ് പൊലീസുകാരനായ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. വയനാട് സ്വദേശിയായിരുന്നു വിനീത്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീതിന് 33 വയസ്സായിരുന്നു. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നായിരുന്നു വിവരം. ഇതിനിടയിലാണ് എസി അജിത്തിനെതിരെ സഹപ്രവർത്തകർ മൊഴി നൽകിയിരിക്കുന്നത്.
.
നേരത്തേ, മരണത്തിന് തൊട്ടു മുൻപ് വിനീത് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശത്തിലും മേലുദ്യോഗസ്ഥനായ അജിത്തിനെതിരേ സൂചനയുണ്ടായിരുന്നു. ഇക്കാര്യം ഡിവൈ.എസ്.പി. അന്വേഷിക്കുമെന്ന് മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു എസ്.പി ഇക്കാര്യം വ്യക്തമാക്കിയത്.
.
അതേസമയം, വിനീത് ജീവനൊടുക്കിയത് ശാരീരികക്ഷമതാപരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയാലാണെന്ന് കരുതുന്നു എന്നായിരുന്നു എസ്.പി അന്ന് പറഞ്ഞത്. കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്. 2011-ല്‍ ജോലിയില്‍ ചേര്‍ന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് എസ്.പി. വ്യക്തമാക്കിയത്.
.
വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ ആ പരീക്ഷയില്‍ പരാജയപ്പെട്ടു. അവധി നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. കഴിഞ്ഞ ഒന്‍പതുമുതല്‍ 11 വരെ വിനീത് അവധിയിലായിരുന്നു. ഡിസംബറില്‍ മറ്റ് അവധികള്‍ വിനീത് ആവശ്യപ്പെട്ടതായി രേഖയില്ലെന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് (36) ആണ് ഞായറാഴ്ച ആത്മഹത്യചെയ്തത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്.
.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ അന്നുതന്നെ ആരോപണം ഉന്നയിച്ചിരുന്നു.
.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!