‘പപ്പ എന്തിനാ എന്നെ കുത്തിയത്…’; നൊമ്പരമായി അച്ഛൻ്റെ കുത്തേറ്റ് വീണ ഷാരോണിൻ്റെ അവസാന ചോദ്യം
തലശ്ശേരി: മനുഷ്യത്വമില്ലാത്ത ക്രൂരതയായിരുന്നു അച്ഛൻ മകനോട് കാണിച്ചത്. സ്വന്തം രക്തത്തിൽ പിറന്ന മകനെ ഒറ്റ കുത്തിൽ ഇല്ലാതാക്കുകയായിരുന്നു പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്തനാടിയിൽ സജി ജോർജ് (52). ‘പപ്പ എന്തിനാ എന്നെ കുത്തിയത്’ -പിതാവിന്റെ കുത്തേറ്റ ഷാരോണിനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ അനുജൻ ഷാർലറ്റിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞ് നിൽക്കുകയായിരുന്നു ഷാരോൺ. ഷാർലറ്റ് ഒമ്പതാം ക്ലാസ് വിദ്യാർഥിയും.
.
കേസിലെ ഒന്നാം സാക്ഷിയായി വിസ്തരിച്ച ഷാർലറ്റ് അന്വേഷണസംഘത്തിന് നൽകിയ മൊഴി വിചാരണ വേളയിൽ കോടതിയിലും ആവർത്തിച്ചു. കുത്തേറ്റ ഷാരോൺ മുറ്റത്ത് വീണു. ബഹളം കേട്ട് പ്രതിയുടെ അനുജൻ ഓടിവന്നു. പ്രതി അപ്പോൾ കുത്തിയ കത്തി കഴുകി. ബൈക്കെടുത്ത് പുറത്തേക്ക് പോകുന്നതിനിടയിൽ സജിയോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്നും പറഞ്ഞു.
സംഭവത്തിൽ സജി ജോർജിന് ഇന്നലെ തലശ്ശേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. 2020 ആഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ സിൽജ ഇറ്റലിയിൽ നഴ്സാണ്. സജിയും മക്കളുമാണ് വീട്ടിൽ താമസം. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച് തീർക്കുന്നതിനാൽ പിന്നീട് പണമയക്കുന്നത് മകൻ ഷാരോണിന്റെ പേരിലായി. പണം ലഭിക്കാതായതോടെ സ്വന്തമായി ചാരായം വാറ്റാൻ തുടങ്ങി. ആഗസ്റ്റ് 14ന് സജി വീട്ടിൽനിന്ന് നാടൻ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞു. ഇത് വാക്കുതർക്കത്തിലും കൈയാങ്കളിയിലുമെത്തി. പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്. വീട്ടിലെ ഡൈനിങ് ഹാളിൽ മൊബൈൽ ഫോണിൽ നോക്കുകയായിരുന്ന ഷാരോണിനെ പ്രതി പിന്നിൽനിന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിൽജയുടെ സഹോദരൻ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് സംഭവത്തിൽ പയ്യാവൂർ പൊലീസ് കേസെടുത്തത്.
പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാൽ ആ തുകയും പ്രതിയുടെ ബൈക്ക് വിൽപന നടത്തി ലഭിക്കുന്ന തുകയും ഷാരോണിന്റെ മാതാവിന് നൽകണം. ഒപ്പം മാതാവിനും സഹോദരനും ഉചിതമായ നഷ്ടപരിഹാരം ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുഖാന്തരം ലഭ്യമാക്കാനും കോടതി നിർദേശം നൽകി. വെള്ളിയാഴ്ച കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് തിങ്കളാഴ്ച വൈകീട്ടാണ് ശിക്ഷ വിധിച്ചത്. വിധിയിൽ സന്തോഷമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാറും ഷാരോണിന്റെ കുടുംബാംഗങ്ങളും പറഞ്ഞു. കുടുംബാംഗങ്ങളായ ഏതാനുംപേർ വിധി പ്രസ്താവം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.
പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. അജിത്കുമാർ, മുൻ അഡീഷനൽ ജില്ല ഗവ. പ്ലീഡറായിരുന്ന അഡ്വ. കെ.പി. ബിനീഷ എന്നിവർ ഹാജരായി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.