‘മെക്ക് 7’ന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും’; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി, പേരോടിനേയും മോഹനൻമാസ്റ്ററേയും ചോദ്യം ചെയ്യണമെന്ന് ആവശ്യം
കോഴിക്കോട്: മലബാർ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മക്കെതിരെ സിപിഎമ്മും കാന്തപ്പുരം സുന്നികളും രംഗത്ത്. മെക്ക് 7ന് പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്ന് ഇരു സംഘടനകളും ആരോപിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്നാണ് ഇതിന് കാരണമായി ആരോപിക്കുുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ട്രറി മോഹനൻ മാസ്റ്ററും, കാന്തപ്പുരം സുന്നി നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫിയുമാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും രംഗത്തെത്തി. ഇതോടെ മലബാർ മേഖലയിൽ അതിവേഗം പ്രചരിക്കുന്ന ഒരു വ്യായാമ കൂട്ടായ്മ വലിയ വിവാദമായി മാറിയിരിക്കുകയാണ്.
.
മെക് സെവൻ എന്നറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിനെതിരെ മതവിധി പറഞ്ഞുകൊണ്ടാണ് കാന്തപ്പുരം സുന്നി നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രസംഗം വൈറലായത്. അതിൽ പങ്കെടുക്കുന്നവർക്ക് ഈാൻ നഷ്ടമാകുമെന്നാണ് അദ്ദേഹത്തിൻ്റെ മതവിധി. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മെക് സെവന്‍ വ്യായാമമുറ അഭ്യസിക്കാന്‍ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ് തന്നെ കൊണ്ടു പോയതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് പറഞ്ഞു.
.
മെക് 7 വ്യായാമം പി.കെ. കുഞ്ഞാലിക്കുട്ടി ചെയ്യുന്നതിന്‍റെ വീഡിയോയും താന്‍ കണ്ടതാണ്. പ്രോത്സാഹിപ്പിക്കേണ്ട വ്യായാമമുറയാണെന്നാണ് തന്‍റെ അഭിപ്രായം. എന്നാല്‍ എസ്ഡിപിഐക്ക് മെക് 7നുമായി ബന്ധമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും മെക് 7 നില്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഎ ലത്തീഫ് കോഴിക്കോട് പറഞ്ഞു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും കൂട്ടായ്മയിൽ ഉണ്ടെന്നുമാണ് മെക് സെവൻ അധികൃതരുടെ വിശദീകരണം. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ എല്ലാവിഭാഗം മനുഷ്യർക്കും സൌജന്യമായി ചെയ്യാൻ സാധിക്കുന്ന ഈ വ്യായാമമുറക്ക് പിന്നിൽ മറ്റൊന്നും ഇല്ലെന്നും, വ്യായാമം കഴിഞ്ഞാൽ മറ്റൊന്നിനും നിൽക്കാതെ എല്ലാവരും പിരിഞ്ഞ് പോകാറാണ് പതിവെന്നും അതിൽ പങ്കെടുക്കുന്നവർ വ്യക്തമാക്കുന്നു.
.
മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് മെക് സെവൻ കൂട്ടായ്മ കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടി പിഎം ഹാഷിറലി വ്യക്തമാക്കി. ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. മലപ്പുറം കൊണ്ടോട്ടിയിലെ തുറക്കലിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സ്വലാഹുദ്ധീനാണ് മെക് സെവന് നേതൃത്വം നൽകുന്നത്. ഇദ്ദേഹത്തിന് ഏതെങ്കിലും മത രാഷ്ട്രീയ പാർട്ടികളുമായോ കക്ഷികളുമായോ യാതൊരുവിധ ബന്ധവും ഇല്ലെന്നും മെക് 7 അധികൃതർ വിശദീകരിച്ചു.
പല സ്ഥലങ്ങളിലും സിപിഎമ്മിൻ്റെയും കാന്തപ്പുരം വിഭാഗം സുന്നിയുടേയും നേതാക്കളും പ്രവർത്തകരും തന്നെയാണ് ഈ വ്യായാമമുറക്ക് നേതൃത്വം നൽകുന്നത്. മറ്റു സംഘടനകളിലെ പ്രവർത്തകരും ഒരു സംഘടനകളിൽ പ്രവർത്തിക്കാത്തവരും മറ്റിടങ്ങളിൽ നേതൃത്വം നൽകിവരുന്നു. നേതൃപാടവമുള്ള ആർക്കും തങ്ങളുടെ പ്രദേശങ്ങളിൽ ഇത് നടപ്പിലാക്കാമെന്നും മെക് 7 അധികൃതർ വ്യക്തമാക്കി. നേതാക്കളുടെ ആരോപണങ്ങളെ തള്ളി കളഞ്ഞുകൊണ്ടാണ് പ്രവർത്തകർ മെക് 7 ലേക്ക് എത്തുന്നത്. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും മെക് 7 വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവിടങ്ങളിലുൾപ്പെടെ സിപിഎമ്മിൻ്റേയും കാന്തപ്പുരം സുന്നിയുടേയും പ്രവർത്തകരും പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.
.
പേരോട് അബ്ദുറഹ്മാൻ സഖാഫിയും മോഹനൻമാസ്റ്ററും നിക്ഷിപ്ത താൽപര്യത്തിനായി കേവലം ഒരു ആരോപണമായി ഉന്നയിച്ചതായിരിക്കാമെങ്കിലും ഇപ്പോൾ സ്ഥിതി ആകെ മാറി. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയതോടെ വിഷയത്തിൻ്റെ ഗൌരവം വർധിച്ചിരിക്കുകയാണ്. ഏത് ഏജൻസിയുടേയും അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നാണ് മെക് 7 അധികൃതരുടെ നിലപാട്. മാത്രവുമല്ല ആരോപണമുന്നയിച്ച പേരോട് അബ്ദുറഹ്മാൻ സഖാഫിയെയും മോഹനൻ മാസ്റ്ററേയും ചോദ്യം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്ത് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ ആരോപണം ഉന്നയിച്ചതെന്ന് ഇവർ വ്യക്തമാക്കേണ്ടതുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വർഗ്ഗീയത പ്രചരിപ്പിച്ചതിനുൾപ്പെടെ ഇവർക്കെതിരെ കേസെടുക്കണമെന്നും മെക് 7 അധികൃതർ ആവശ്യപ്പെട്ടു.
.
.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.