‘ഉമ്മ നോക്കി നിൽക്കെ ഇർഫാനയെ ലോറി വന്നിടിച്ചു’: കൈപിടിച്ചു നടന്ന 4 കൂട്ടുകാർ കൺമുന്നിൽ മാഞ്ഞു, തീരാനോവിൽ അജ്ന
കരിമ്പ (പാലക്കാട്): ഇംഗ്ലിഷ് പരീക്ഷ എളുപ്പമായിരുന്നു, ഇന്നത്തെ ഹിന്ദിയിലാണ് ടെൻഷൻ. ആ ആശങ്ക പങ്കിട്ടാണ് അവർ സ്കൂളിൽനിന്നു തിരികെ നടന്നത്. ഇതിനിടെ നിദയുടെ നനഞ്ഞ കുട ബാഗിൽ വയ്ക്കാൻ ഇടമില്ലെന്നു പറഞ്ഞ് അജ്നയെ ഏൽപിച്ചു. ‘എങ്കിൽ നീ ഈ റൈറ്റിങ് ബോർഡ് കൂടി പിടിക്കെടീ’ എന്നായി റിദ. അജ്നയുടെ ഒരു പെൻസിൽ ബോക്സ് റിദയുടെ ബാഗിൽ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും 4 പേരെയും മരണം കവർന്നു. 4 കൂട്ടുകാർ ചേർത്തുപിടിച്ചിരുന്ന അജ്നയുടെ കൈകളിൽ ആ കുടയും റൈറ്റിങ് ബോർഡും കുറെ ഓർമകളും ബാക്കി. (ചിത്രത്തിൽ വാഹനാപകടത്തിൽനിന്ന് രക്ഷപ്പെട്ട അജ്ന ഷെറീൻ (ഇടത്), അപകടത്തിൽ മരിച്ച റിദ ഫാത്തിമ, നിദ ഫാത്തിമ, എം.എസ്.ആയിഷ, ഇർഫാന ഷെറിൻ എന്നിവർ. അഞ്ചു കൂട്ടുകാരും ചേർന്ന് ഈ വർഷത്തെ ഓണാഘോഷത്തിനിടെ എടുത്ത ചിത്രം)
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു അവർ 5 പേരും. അപകടത്തിൽ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ.എസ്.ആയിഷ എന്നിവർ മരിച്ചപ്പോൾ അജ്ന മാത്രമാണു രക്ഷപ്പെട്ടത്. ആയിഷ 8 ഇ ഡിവിഷനിലും മറ്റു 4 പേർ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഒരുമിച്ചാണു പോയിവന്നിരുന്നത്. ഇർഫാനയെ ഡെന്റൽ ഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്പാടത്തു കാത്തുനിൽക്കുമെന്നു പറഞ്ഞിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണു ലോറി വന്നിടിച്ചതെന്ന് അജ്ന പറഞ്ഞു.
അജ്ന ദൂരേക്കു വീണതിനാൽ രക്ഷപ്പെട്ടു. സിമന്റ് ലോറി പൊടിപറത്തി മറിഞ്ഞുകിടക്കുന്നതാണു കണ്ടത്. നാട്ടുകാർ ഓടിക്കൂടുമ്പോൾ അജ്ന വിറച്ചുനിൽക്കുകയായിരുന്നു. വൈകിട്ട് വീട്ടിൽ എത്തിയിട്ടും അപകടമോർത്തു കരയുകയായിരുന്നു അവൾ.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.