‘പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് മാസം,നീറ്റ് പരീക്ഷ വിജയിച്ചത് കോച്ചിങ് ഇല്ലാതെ’; പുതിയ വീട്ടിൽ താമസിച്ച് കൊതി തീരുംമുൻപേ യാത്രയായി
കണ്ണൂര്‍: പുതുതായി നിര്‍മിച്ച വീട്ടില്‍ താമസിച്ച് കൊതി തീരും മുമ്പാണ് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ യാത്രയായത്. ആലപ്പുഴ കളര്‍കോട് നടന്ന വാഹനപകടത്തില്‍ മരിച്ച എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദിന്റെ കുടുംബം രണ്ട് മാസം മുമ്പാണ് മാടായി മാട്ടൂലിലെ നോര്‍ത്ത് മുട്ടത്തെ പുതിയ വീട്ടിലേത്ത് താമസം മാറ്റിയത്. അന്ന് ഗൃഹപ്രവേശന ചടങ്ങില്‍ നിറഞ്ഞ ചിരിയോടെ മുഹമ്മദും പങ്കെടുത്തിരുന്നു.
ആദ്യം ഉമ്മയുടെ നാട്ടിലായിരുന്നു മുഹമ്മദിന്റെ കുടുംബം താമസിച്ചിരുന്നത്. ഉപ്പയുടെ നാട്ടില്‍ പുതിയ വീടെടുത്തശേഷം അങ്ങോട്ടേക്ക് മാറുകയായിരുന്നു. സൗദിയില്‍ ബിസിനസുകാരനാണ് മുഹമ്മദിന്റെ ഉപ്പ ജബ്ബാര്‍. ഉമ്മ ഫാസില. മൂന്ന് സഹോദരങ്ങളുമാണുള്ളത്. ഇരട്ട സഹോദരനായ മിഷാല്‍ തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥിയാണ്. സഹോദരി മിന്‍ഹ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു സഹോദരന് കൂടിയുണ്ട്.
മിഷാലും മുഹമ്മദും പഠനത്തില്‍ മിടുക്കരായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പ്ലസ് ടു വരെ വിദേശത്ത് പഠിച്ചശേഷമാണ് എംബിബിഎസ് പഠനത്തിനായി മുഹമ്മദ് ആലപ്പുഴയിലെത്തിയത്. നീറ്റ് പരീക്ഷ കോച്ചിങ്ങൊന്നും ഇല്ലാതെ പാസായിട്ടാണ് എംബിബിഎസിന് പ്രവേശനം നേടിയത്.
എല്ലാവരോടും വിനയത്തോടെ പെരുമാറുന്ന മുഹമ്മദ് ഡോക്ടറാകണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. നാല് ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് മുഹമ്മദ് ആലപ്പുഴയിലേക്ക് തിരിച്ചുപോയത്. അടുത്ത അവധിക്ക് വരാമെന്ന് പറഞ്ഞ ആ യാത്ര അവസാനത്തേതാകുമെന്ന ആരും കരുതിയില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപം ദാരുണമായ വാഹനപകടം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.