സൗദിയിൽ നബിദിന ചടങ്ങുകൾ സംഘടിപ്പിച്ച അഞ്ചു മലയാളികളെ നാടുകടത്തി. സംഭവത്തിന് പിന്നിൽ മലയാളികളുടെ ഒറ്റെന്ന് ആരോപണം

ദമ്മാം: സൗദിയിൽ അനുമതിയില്ലാതെ മതചടങ്ങുകൾ സംഘടിപ്പിച്ച അഞ്ച് മലയാളികളെ നാടുകടത്തി. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിപാടി നടക്കുന്നതിനിടെ പരിശോധനക്കെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് ജയിലിലടച്ചു. പരിപാടിക്ക് നേതൃത്വം നൽകിയ സംഘാടകരായ നാലു പേരെയും പരിപാടിക്ക് സ്ഥലം അനുവദിച്ച സ്ഥാപനത്തിലെ ജീവനക്കാരനുമാണ് നാടുകടത്തപ്പെട്ടത്​. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ച്​ പേരെയും നാടുകടത്തിയത്.
.

ദമ്മാം നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിൽ​ നബിദിനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കാണ് ഇവർ നേതൃത്വം നൽകിയിരുന്നത്. നുറുകണക്കിന്​ ആളുകൾ ഇതിൽ പങ്കെടുത്തിരുന്നു. പരിപാടി  അവസാനിക്കാറായ സമയത്താണ്​ അന്വേഷണ സംഘം ഓഡിറ്റോറിയത്തിൽ​ എത്തിയത്​. സ്വകാര്യമായ ചടങ്ങാണ്​ നടക്കുന്നതെന്ന്​ സംഘാടകർ ഉദ്യോഗസ്ഥർക്ക് മുമ്പിൽ വിശദീകരിച്ചെങ്കിലും ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. പരിപാടിയുമായി ബന്ധപ്പെട്ട്​ വാട്​സ്​ ആപ്​ വഴിയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും പ്രചരിപ്പിച്ച പോസ്​റ്ററുകളുടെ സ്​ക്രീൻ ഷോട്ടുകളും വോയിസ്​ മെസേജുകളും സംഘാടകർക്ക് വിനയായി. ഈ തെളിവുകളെല്ലാം ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘം പരിശോധനക്കെത്തിയത്.
.

ഹൈദരാബാദിലേക്കുള്ള വിമാനത്തിലാണ് ഇവരെ നാടുകടത്തിയത്. ദമ്മാമിൽ നടക്കാറുള്ള മത-സാമൂഹിക പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അഞ്ചുപേരും. നേരത്തെയും ജിദ്ദയിലും ദമ്മാമിലും ഖസീമിലും റിയാദിലും പല പരിപാടികൾക്കിടയിലും പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തിയിരുന്നു. അതിലേറയും കലാ സാംസ്കാരിക സാമൂഹിക പരിപാടികളായിരുന്നു. അതിൽ പിടിക്കപ്പെട്ടവരെല്ലാം പിന്നീട് മോചിതരായി. അന്വേഷണ സംഘത്തിന് മുന്നിൽ കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ച് കൊടുത്തതിനാലാണ് ഇങ്ങിനെ മോചനം സാധ്യമായിരുന്നത്. കേസ് കോടതിയിലെത്തുന്നതോടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയിലായിരന്നു പിടിയിലായവരും സാമൂഹിക പ്രവർത്തകരും. എന്നാൽ പ്രാഥമിക കോടതിയിൽ നിന്ന് തന്നെ ഇവരെ നാടുകടത്താൻ ഉത്തവിടുകയായിരുന്നു.

അതേ സമയം ചടങ്ങ് നടക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെത്തിയതിന് പിന്നിൽ മലയാളി സംഘടനകൾക്കിടയിലെ കുടിപ്പകയാണെന്നും, ഉദ്യോഗസ്ഥർ രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വന്നതെന്നും ചില സാമൂഹിക പ്രവർത്തകർ ആരോപിച്ചു. പരിപാടികളുടെ വോയിസ് മെസേജുകളും സ്ക്രീൻ ഷോട്ടുകളും ഉദ്യോഗസ്ഥർക്ക് എത്തിച്ച് നൽകിയതിന് പിന്നിൽ മലയാളികൾ തന്നെയാണെന്നാണ് പലരും വിശ്വസിക്കുന്നത്.

സൗദിയിൽ മത-രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇതിന് അനുമതിക്ക് അപേക്ഷിച്ചാൽ പോലും ലഭിക്കില്ല. ഇത്തരം പരിപാടികൾ സംഘടിപ്പിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അനുമതിയില്ലാതെ ഇത്തരം പരിപാടികൾ നടത്താൻ ശ്രമിക്കരുതെന്ന് സാമൂഹിക പ്രവർത്തകരും ഓർമിപ്പിക്കുന്നു.

അതേ സമയം കലാ, സാംസ്കാരിക, സാമൂഹിക പരിപാടികൾ നടത്തുന്നതിന് സൗദി സർക്കാർ അനുമതി നൽകുന്നുണ്ട്. നിശ്ചിത ഫീസ് അടച്ച് അനുമതി നേടിക്കൊണ്ട് ഇത്തരം പരിപാടികൾ നിയമാനുസൃതം സംഘടിപ്പിക്കാവുന്നതാണ്. എന്നാൽ അനുമതിയില്ലാതെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതും ശിക്ഷാർഹമാണ്.

.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!