‘ഉരുക്കുമുഷ്ടി വേണ്ട; സർക്കാർ കോടതിയാകേണ്ട’: ബുൾഡോസർ രാജിന് പൂട്ടിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുന്ന ബുൾ‍ഡോസർ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സർക്കാരിനും ബന്ധപ്പെട്ട അതോറിറ്റിക്കും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിക്കാനാകില്ലെന്നും ജഡ്ജിമാരായ ബി.ആർ.ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിനുള്ള മാര്‍ഗരേഖ സുപ്രീം കോടതി പുറത്തിറക്കി.

കേസുകളില്‍ ശിക്ഷിക്കപെട്ടവരുടെ വീടുകള്‍ പോലും തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൌലിക അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഏതെങ്കിലും ഒരു പ്രതിയുടെ വീട് നിയമപ്രകാരമല്ലാതെ പൊളിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാവുന്നത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ വിരുദ്ധമായ പൊളിക്കലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതെ സമയം വ്യക്തികളുടെ അനധികൃത നിര്‍മാണങ്ങള്‍ നിയമപരമായി പൊളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശം ഉണ്ട്.  അങ്ങനെ പൊളിക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണം. ആ നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കെട്ടിട ഉടമകള്‍ക്ക് അവസരം നല്‍കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കോടതി പറഞ്ഞത്: 

∙ കയ്യേറ്റം ഒഴിപ്പിക്കൽ നോട്ടിസിനു കൃത്യമായ മറുപടി നൽകാനും അപ്പീൽ നൽകാനും മതിയായ സമയം അനുവദിക്കണം.

∙ കുറഞ്ഞത് 15 ദിവസത്തെയെങ്കിലും നോട്ടിസ് നൽകിയിരിക്കണം.

∙ റജിസ്ട്രേഡ് തപാൽ വഴി നൽകുന്ന നോട്ടിസ് വീടിനു പുറത്തു പതിക്കണം.

∙ സർക്കാരിന് കോടതിയും ജഡ്ജിയുമായി പ്രവർത്തിക്കാൻ കഴിയില്ല.

∙ നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചുനിരത്തൽ ഭരണഘടനാവിരുദ്ധം

∙ കുറ്റവാളിയെന്നു വിധിക്കപ്പെടുന്നവരുടെ വീടുകൾ പോലും ഇടിച്ചുനിരത്തുന്നത് അനുവദനീയമല്ല.

∙ കേസുകളിലെ പ്രതികളെ വിചാരണയ്ക്ക് മുൻപ് ശിക്ഷിക്കരുത്.

∙ മുൻസിപ്പൽ നിയമങ്ങളുടെ കാര്യത്തിൽ പോലും ഇതു ബാധകം.

∙ കുട്ടികളും സ്ത്രീകളും വഴിയാധാരമാകുന്നതു സന്തോഷകരമായ കാഴ്ചയല്ല.

∙ സാവകാശം നൽകിയെന്നു കരുതി ആകാശം ഇടിഞ്ഞുവീഴില്ല.

∙ കയ്യേറ്റമൊഴിപ്പിക്കൽ അനിവാര്യമെങ്കിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി നോട്ടിസ് നൽകണം.

∙ അപ്പീൽ നടപടിക്കും ബന്ധപ്പെട്ട കക്ഷിക്കു തന്നെ കയ്യേറ്റം നീക്കം ചെയ്യാനുമായി 15 ദിവസം വീതം അനുവദിക്കണം.

∙ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെടുക്കുന്നുണ്ടെങ്കിൽ അതു വിഡിയോയിൽ ചിത്രീകരിക്കണം.

∙  നിർദേശങ്ങൾ ഒരു മാസത്തിനുള്ളിൽ നടപ്പാക്കണം, കയ്യേറ്റമൊഴിപ്പിക്കൽ നോട്ടിസുകൾക്കായി മൂന്നു മാസത്തിനുള്ളിൽ പോർട്ടൽ ഒരുക്കണം.

കോടതി അനുമതിയില്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റ് വസ്തുക്കളും പൊളിക്കുന്ന നടപടി പാടില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുന്നത് നിയമങ്ങൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന് തുല്യമാണെന്നായിരുന്നു ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബറിൽ കോടതി പരാമർശിച്ചത്. ഏതെങ്കിലും ഒരു വ്യക്തി കേസിൽ പ്രതിയായി എന്ന കാരണത്താൽ അയാളുടെയോ ബന്ധുക്കളുടെയോ വസ്തുവകകൾ ഇടിച്ചുനിരത്തുന്നത് നിയമത്തെ ഇടിച്ചുനിരത്തുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

 

Share