ജയിൽമോചിതയായ ശേഷം രണ്ടാംവിവാഹം, ആഡംബര ജീവിതം; 8 കോടിക്കായി കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ അരുംകൊല ചെയ്തു
ബെംഗളൂരു: ഒക്ടോബർ 8, കുടകിലെ സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെത്തുന്നു. അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് നടത്തിയ ശ്രമങ്ങളാണ് കർണാടകയിലെ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സ്വത്ത് തട്ടിയെടുക്കാനായാണ് റിയൽ എസ്റ്റേറ്റ് ഉടമയായ രമേഷ് കുമാറിനെ രണ്ടാം ഭാര്യയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടാം ഭാര്യയും ബെംഗളൂരുവിലെ ഐടി ജീവനക്കാരിയുമായ തെലങ്കാന സ്വദേശി നിഹാരിക (29), ഹരിയാന സ്വദേശി അങ്കൂർ റാണ, തെലങ്കാന സ്വദേശിയും ബെംഗളൂരുവിലെ താമസക്കാരനുമായ നിഖിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രം: നിഹാരിക (ഇടത്), കൊല്ലപ്പെട്ട രമേഷ് (മധ്യത്തിൽ), നിഹാരികയും നിഖിലും (വലത്)
എട്ടു കോടി രൂപയ്ക്ക് വേണ്ടിയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആളെ തിരിച്ചറിയാൻ പറ്റാതായതോടെ പല വഴി തേടിയ പൊലീസ് കാപ്പിത്തോട്ടത്തിന് സമീപത്തു കൂടെ കടന്നു പോയ വാഹനങ്ങളെ കുറിച്ച് അന്വേഷിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഒരു ചുവന്ന ബെൻസ് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. പരിശോധനയിൽ ആ കാർ രമേഷ് എന്നയാളുടെ പേരിൽ റജിസ്റ്റർ ചെയ്തതാണെന്ന് വ്യക്തമായി. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് രമേഷിന്റെ ഭാര്യ ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടുണ്ടെന്ന് വ്യക്തമായത്.
.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രമേഷിന്റെ ഭാര്യ നിഹാരികയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പെലീസിന് സംശയം തോന്നിയത്. പിന്നാലെ നിഹാരികയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭർത്താവിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് അവർ സമ്മതിച്ചു. വെറ്ററിനറി ഡോക്ടറായ നിഖിൽ, അങ്കൂർ റാണ എന്നിവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് നിഹാരിക ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
നിഹാരികയുടെ കുട്ടിക്കാലവും അത്ര സുഖകരമല്ലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. അവൾക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നാലെ അമ്മ രണ്ടാം വിവാഹം ചെയ്തു. പഠനത്തിൽ മിടുക്കിയായ നിഹാരിക എൻജിനീയറിങ് പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിച്ചു. ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ച നിഹാരിക കുട്ടിയായ ശേഷം ആദ്യ വിവാഹബന്ധം വേർപിരിഞ്ഞു. ഹരിയാനയിലായിരുന്നപ്പോഴാണ് നിഹാരിക സാമ്പത്തിക തട്ടിപ്പിന് ജയിലിലായത്. അവിടെ വച്ചാണ് പ്രതികളിലൊരാളായ അങ്കൂറിനെ പരിചയപ്പെടുന്നത്.
ജയിൽമോചിതയായ ശേഷമാണ് നിഹാരിക കൊല്ലപ്പെട്ട രമേഷിനെ വിവാഹം ചെയ്യുന്നത്. ബിസിനസുകാരന്റെ ഭാര്യയായതോടെ നിഹാരികയുടെ ജീവിതം ആഡംബരപൂർണമായി. ഒരു ദിവസം നിഹാരിക ഭർത്താവ് രമേഷിനോട് 8 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ അതു രമേഷ് നിരസിച്ചു. ഇത് നിഹാരികയെ പ്രകോപിപ്പിച്ചു. പിന്നാലെയാണ് ഭർത്താവിനെ കൊലപ്പെടുത്തി പണം സ്വന്തമാക്കാൻ അവൾ തയാറെടുത്തത്. രമേഷിനൊപ്പം താമസിക്കുമ്പോൾ തന്നെ നിഹാരികയ്ക്ക് നിഖിലുമായി ബന്ധമുണ്ടായിരുന്നു.
.
നിഖിലിന്റെയും അങ്കൂറിന്റെയും സഹായത്തോടെയാണ് നിഹാരിക ഭർത്താവിനെ കൊലപ്പെടുത്താനും പണം കൈക്കലാക്കാനും ശ്രമിച്ചത്. ഒക്‌ടോബർ ഒന്നിന് ഹൈദരാബാദിലെ ഉപ്പലിൽ വച്ചാണ് വ്യവസായിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഇവർ കാറും പണവും കൈക്കലാക്കി ഉപ്പലിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള കുടകിലെത്തി. അവിടെ വച്ച് കാപ്പിത്തോട്ടത്തിൽ മൃതദേഹം കത്തിച്ചു. മൃതദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞാണ് കത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൂന്നുപേരും ഹൈദരാബാദിലേക്ക് മടങ്ങി. പിന്നാലെ രമേഷിനെ കാണാനില്ലെന്ന് നിഹാരിക പൊലീസിൽ പരാതി നൽകി.
കൃത്യമായി എല്ലാ തെളിവുകളും നശിപ്പിക്കാന്‍ പ്രതികൾ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു വെല്ലുവിളി നിറഞ്ഞ കേസായിരുന്നെന്ന് പൊലീസ് പറഞ്ഞു. ‘‘കാണാനില്ലെന്ന് പരാതി നൽകിയതിന് 3–4 ദിവസം മുൻപാണ് മൃതദേഹം കത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 500 സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചു’’– കൊടക് പൊലീസ് ചീഫ് രാമരാജൻ പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.