‘വിടപറയുകയാണെൻ ജന്മം…’: മരണസൂചന നൽകി അവസാന വിഡിയോ,.. യൂട്യൂബര്‍ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി – വീഡിയോ
പാറശ്ശാല (തിരുവനന്തപുരം): ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില്‍ മൃതദേഹം കണ്ടത്.
എറണാകുളത്ത് ഹോം നഴ്‌സിങ്ങ് ട്രെയിനിയായ മകന്‍ വെളളിയാഴ്ച രാത്രിയും ഫോണില്‍ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ മകന്‍ വീട്ടിലേക്ക് വരികയായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകന്‍ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല്‍ വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീടിനുളളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
യൂട്യൂബില്‍ സജീവമായിരുന്ന പ്രിയ വെളളിയാഴ്ച രാത്രി മരണം സംബന്ധിച്ച സൂചന നല്‍കി കൊണ്ടുളള വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ..’
എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാതലത്തില്‍ ഇരുവരുടെയും വിവിധ ഫോട്ടോകളും വീഡിയോയും ചേര്‍ത്ത് നിര്‍മ്മിച്ച വീഡിയോയാണ് ഇവര്‍ അവസാനമായി ചാനലില്‍ പോസ്റ്റ് ചെയ്തത്. മരിക്കാൻ തയാറെടുക്കുകയാണെന്ന് സൂചനയുള്ള വരികളായിരുന്നു അവസാന വീഡിയോയിൽ. ഗാനത്തിനുതാഴെ ഇരുവരുടെയും സുഹൃത്തുക്കളുടെ വേദന പങ്കുവയ്ക്കുന്ന നിരവധി കമന്റുകൾ നിറഞ്ഞു. മരണം പരിചയക്കാർക്ക് ഉൾകൊള്ളാനായിട്ടില്ലെന്ന് കമന്റുകൾ വ്യക്തമാക്കുന്നു.
എല്ലാ ദിവസവും രാത്രി യൂട്യൂബില്‍ ലൈവ് വന്നിരുന്ന പ്രിയ വ്യാഴാഴ്ചയാണ് അവസാനമായി ലൈവിലെത്തിയത്. അവസാന രണ്ട് ദിവസങ്ങളില്‍ നാല് മണിക്കൂറും ആറ് മണിക്കൂറും നീണ്ട നില്‍ക്കുന്ന ലൈവാണ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. വ്യാഴാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത അവസാനത്തെ ലൈവ് വീഡിയോയിലും വളരെ സന്തോഷവതിയായിട്ടാണ് പ്രിയയെ കണ്ടത്. ഇരുവർക്കും പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിയില്ല. ആത്മഹത്യയെന്നാണ് പാറശാല പൊലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ഇരുവരെയും പൊടുന്നനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ ദുരൂഹതയുളളതായി പ്രദേശവാസികളും പറയുന്നു.
.
.