‘വേണ്ടാ വേണ്ടാ ജയരാജാ, മഅദനി ആരെന്നറിയാമോ?’; പി. ജയരാജൻ്റെ പുസ്തകം കത്തിച്ച് പ്രതിഷേധം

സിപിഎം നേതാവ് പി. ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോട്ട് പ്രകാശനം നടന്ന വേദിക്ക് സമീപമായിരുന്നു പ്രതിഷേധം. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.

മഅദനി ആരാണെന്നറിയാമോ? വേണ്ടാ വേണ്ടാ ജയരാജാ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പിഡിപിയുടെ പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനംചെയ്തത്.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുള്‍നാസര്‍ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജന്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. മഅദനി രൂപവത്കരിച്ച ഐ.എസ്.എസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കി. മഅദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നും പുസ്തകത്തില്‍ ജയരാജന്‍ വിശദീകരിക്കുന്നുണ്ട്.

തിരുവനന്തപുരം പൂന്തുറ കലാപത്തില്‍ ഐ.എസ്.എസ്സിന്റെയും ആര്‍.എസ്.എസ്സിന്റെയും പങ്ക് വ്യക്തമാണ്. ഈ ഘട്ടത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ഐഎസ്എസ് നടത്തിയ മാര്‍ച്ചിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും അങ്ങേയറ്റം പ്രകോപനപരമായിരുന്നു. പൂന്തുറ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരവിന്ദാക്ഷ മേനോന്‍ കമ്മീഷന്‍ പ്രദേശത്ത് വന്‍തോതിലുള്ള ആയുധശേഖരം ഉണ്ടായിരുന്നതായും അത് പോലീസിന് കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ അധിവസിക്കുന്ന ജോനക പൂന്തുറയില്‍ ഐഎസ്എസ്സും അക്രമപദ്ധതികള്‍ കാലേക്കൂട്ടി ആവിഷ്‌കരിച്ചിരുന്നു’- പി. ജയരാജന്റെ കുറിച്ചു.

മഅദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്‌കര്‍ ഇ-ത്വയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടിയന്റവിട നസീര്‍ തീവ്രവാദത്തിലേക്ക് എത്തിയത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ തടവിലാക്കപ്പെട്ടതോടെ മദനിക്ക് ചില മാറ്റങ്ങള്‍ വന്നെന്നും ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. രാജ്യത്ത് മാവോവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

അതേസമയം പുസ്തകത്തിലെ മഅ്ദനി വിവാദത്തിൽ ന്യായീകരണവുമായി രചയിതാവ് പി. ജയരാജൻ. മഅ്ദനി വിവാദം ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ജയരാജന്റെ വാദം.

2008ൽ പൂന്തുറ കലാപവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച തൻ്റെ പുസ്തകത്തിൽ മഅ്ദനിയുടെ പ്രസംഗത്തെ പറ്റി പറഞ്ഞിട്ടുണ്ടെന്നും പിൽകാലത്ത് മഅ്ദനിയുടെ നിലപാടിൽ മാറ്റം വന്നു എന്ന് ഇപ്പോഴത്തെ പുസ്തകത്തിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനി നീതി നിഷേധം നേരിട്ട കാര്യവും പുസ്തകത്തിൽ പറയുന്നുണ്ടെന്നും പുസ്തകം വായിക്കാതെയാണ് ചിലർ വിമർശനം നടത്തുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
.

Share
error: Content is protected !!