പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പുതിയ തൊഴിൽ നിയമങ്ങളും അവകാശങ്ങളും – ഭാഗം 1

അബു അബ്ബാസ്

ഒരു പ്രവാസി എന്ന നിലയിൽ, തൊഴിലുടമകളുടെ അന്യായമായ പെരുമാറ്റമോ പിരിച്ചുവിടലോ ഒഴിവാക്കാൻ സൗദി തൊഴിൽ നിയമം നൽകുന്ന തൊഴിലാളികളുടെ അവകാശങ്ങൾ ഓരോ പ്രവാസിയും അറിഞ്ഞിരിക്കണം. സൗദി തൊഴിൽ നിയമപ്രകാരം, പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളുടേയും അവകാശങ്ങളുടേയും വ്യവസ്ഥകളുടേയും പ്രസക്ത ഭാഗങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

ഇതിൻ്റെ രണ്ടാം ഭാഗം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം

 

റിക്രൂട്ട്മെന്റ് ചെലവുകൾ

റിക്രൂട്ട്‌മെന്റ്, റസിഡൻസ് പെർമിറ്റ് (ഇഖാമ) & വർക്ക് ലൈസൻസ് (ലേബർ കാർഡ്) എന്നിവ അനുവദിക്കുക, പുതുക്കുക, പുതുക്കാൻ വൈകുന്നത് മൂലമുണ്ടാകുന്ന പിഴയടക്കുക, ജോലിക്കുള്ള സ്പോൺസർഷിപ്പ് ട്രാൻസ്ഫർ ഫീസ് (കഫാല മാറ്റുന്നതിനുള്ള ചിലവ്), ജോലിയുടെ പേര് മാറ്റുന്നതിനുള്ള ഫീസ് (പ്രൊഫഷൻ മാറ്റൽ), എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാൻ തൊഴിലാളിയോട് ആവശ്യപ്പെടാൻ തൊഴിലുടമയ്ക്ക് അനുവാദമില്ല. ഇത്തരം ചെലവുകൾ പൂർണമായും തൊഴിലുടമയാണ് വഹിക്കേണ്ടത്.

നിരീക്ഷണ കാലഘട്ടം (പ്രൊബേഷൻ കാലാവധി)

സൗദി തൊഴിൽ നിയമപ്രകാരം പ്രൊബേഷൻ കാലാവധി (നിരീക്ഷണ കാലം) 6 മാസത്തിൽ കൂടരുത്. പ്രൊബേഷൻ കാലയളവ് 6 മാസത്തിനപ്പുറം നീട്ടാൻ നിങ്ങളുടെ തൊഴിലുടമ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, അത് നിയമവിരുദ്ധമായതിനാൽ അനുവദിക്കരുത്.

ഒരു കരാർ ഉണ്ടാക്കാനുള്ള അവകാശം

തൊഴിലുടമയിൽ ചേർന്നതിന് ശേഷം ശരിയായ തൊഴിൽ കരാർ ആവശ്യപ്പെടുന്നത് നിങ്ങളുടെ അവകാശമാണ്. കരാർ അറബിയിലാണെങ്കിൽ , നിങ്ങൾക്ക് ഇംഗ്ലീഷിലോ, അറബിയിലും ഇഗ്ലീഷിലുമോ എഴുതിയ കരാർ ആവശ്യപ്പെടാൻ അവകാശമുണ്ട്.

കരാർ നേരത്തെ അവസാനിപ്പിക്കൽ

തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തൊഴിലുടമ തൊഴലാളിയെ അന്യായമായി പിരിച്ച് വിട്ടാൽ, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 77 ൽ വിശദീകരിച്ചിരിക്കുന്നത് പ്രകാരം തൊഴിലുടമ തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകേണ്ടതാണ്. എന്നാൽ തൊഴിലാളിയാണ് കരാർ കാലാവധിക്ക് മുമ്പ് ജോലി അവസാനിപ്പിക്കുന്നതെങ്കിൽ തൊഴിലുടമക്ക് തൊഴിലാളിയും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണം. തൊഴിൽ കരാറിൽ കാലാവധി അവസാനിപ്പിക്കുന്നതിലെ നഷ്ടപരിഹാരം സംബന്ധിച്ച് വ്യവസ്ഥകൾ ഉണ്ടെങ്കിൽ ആ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും നഷ്ടപരിഹാരം നൽകേണ്ടി വരിക.

ഓവർ ടൈം

ഓവർ ടൈം (അധിക സമയ ജോലി) കരാറിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും, സൗദി തൊഴിൽ നിയമം ആഴ്ചയിൽ പരമാവധി 48 മണിക്കൂറാണ് ജോലി സമയം നിശ്ചയിച്ചിട്ടുള്ളത്. നിങ്ങളുടെ തൊഴിലുടമ നിങ്ങളോട് അതിലും കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെടുകയാണെങ്കിൽ , സാധാരണ സമയ വേതനത്തിന്റെ 1.5 മടങ്ങ്  അധിക സമയ വേതനത്തിന് തൊഴിലാളിക്ക് അർഹതയുണ്ട്.

വാർഷിക അവധിയും മറ്റ് അവധികളും

ഓരോ ജീവനക്കാരനും സൗദി അറേബ്യയിൽ വാർഷിക അവധിയും അസുഖ അവധി പോലുള്ള മറ്റ് അവധികളും ലഭിക്കാൻ അർഹതയുണ്ട്. (അവധികൾ സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ഭാഗങ്ങളിൽ)

എയർ ടിക്കറ്റ്

  1. സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം, വാർഷിക അവധി, അവധി, ഫൈനൽ എക്സിറ്റ്, രാജി, അല്ലെങ്കിൽ പിരിച്ചുവിടൽ എന്നിവയ്‌ക്കൊപ്പം ഒരു വിമാന ടിക്കറ്റ് ലഭിക്കാനും വിദേശികളായ തൊഴിലാളികൾക്ക് അവകാശമുണ്ട്.
  2. ഒരു പ്രവാസി ജീവനക്കാരൻ ആദ്യമായി തൊഴിൽ വിസയിൽ സൗദി അറേബ്യയിൽ പ്രവേശിക്കുമ്പോൾ , സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 (1) പ്രകാരം അയാളുടെ വിസയുടെയും വിമാന ടിക്കറ്റിന്റെയും മറ്റെല്ലാ ചെലവുകളുടെയും ഉത്തരവാദിത്വം തൊഴിലുടമക്ക് മാത്രമായിരിക്കും. ഇത്തരം ചെലവുകൾ തൊഴിലാളി വഹിക്കേണ്ടതില്ല.

തൊഴിലുടമയുമായി ജീവനക്കാരൻ ഒപ്പുവെച്ച കരാർ പ്രകാരമാണ് വാർഷിക അവധിയോടൊപ്പമുളള വിമാന ടിക്കറ്റിന്റെ അവകാശം നിർണ്ണയിക്കുന്നത്. എങ്കിലും പൊതുവായി കണ്ട് വരുന്നത് താഴെ വിശദീകരിക്കുന്നത് പ്രകാരമാണ്. ഇതിൽ നിന്ന് വ്യത്യസ്ഥമായും ചില തൊഴിലാളികളും തൊഴിലുടമകളും കരാർ രൂപപ്പെടുത്താറുുണ്ട്.

സൗദി ജീവനക്കാർക്ക് വാർഷിക അവധിയോടുകൂടിയ വിമാന ടിക്കറ്റിന് അർഹതയില്ല.

കുടുംബ സ്റ്റാറ്റസുള്ള പ്രവാസി ജീവനക്കാർക്ക് എല്ലാ വർഷവും കുടുംബത്തിന് ഒരു വിമാന ടിക്കറ്റ് സ്വന്തം രാജ്യത്തേക്ക് ലഭിക്കും.

വൈറ്റ് കോളർ ജോലിയുള്ള പ്രവാസി ജീവനക്കാർക്ക് എല്ലാ വർഷവും സ്വന്തം രാജ്യത്തേക്ക് ഒരു വിമാന ടിക്കറ്റ് ലഭിക്കും.

ബ്ലൂ കോളർ ജോലിയുള്ള പ്രവാസി ജീവനക്കാർക്ക് ഓരോ 2 വർഷത്തിലും സ്വന്തം രാജ്യത്തേക്ക് ഒരു വിമാന ടിക്കറ്റ് ലഭിക്കും.

 

3. ഒരു ജോലിക്കാരൻ ഫൈനൽ എക്സിറ്റിന് പുറപ്പെടുന്ന സാഹചര്യത്തിൽ , സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 (1) പ്രകാരം ജീവനക്കാരന്റെ മാതൃരാജ്യത്തേക്കുള്ള വൺ-വേ എയർ ടിക്കറ്റിന് പണം നൽകുവാനോ, ടിക്കറ്റ് നൽകുവാനോ തൊഴിലുടമ ബാധ്യസ്ഥനാണ്.

4. ഒരു ജീവനക്കാരൻ തന്റെ കരാർ പൂർത്തിയാക്കുന്നതിന് മുമ്പ് രാജിവെക്കുകയും ഫൈനൽ എക്സിറ്റിന് അഭ്യർത്ഥിക്കുകയും ചെയ്താൽ, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 (2) പ്രകാരം ഒരു വിമാന ടിക്കറ്റിന് പണം നൽകുന്നതിന് തൊഴിലുടമ ബാധ്യസ്ഥനല്ല. എന്നിരുന്നാലും, വിസ ചാർജ്ജുകൾ, ഇഖാമ പുതുക്കൽ ഫീസ്, അല്ലെങ്കിൽ ഇൻഷുറൻസ് ചെലവ് എന്നിവയിൽ നിന്ന് പിരിഞ്ഞുപോയ ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് കുറയ്ക്കാൻ തൊഴിലുടമയ്ക്ക് അനുവാദമില്ല.

5. പ്രൊബേഷൻ കാലയളവിൽ ഒരു ജീവനക്കാരൻ ജോലി രാജിവെക്കുകയോ ജോലിക്ക് അനുയോജ്യനല്ലെന്ന് തൊഴിലുടമ കണ്ടെത്തുകയോ ചെയ്താൽ, ആർട്ടിക്കിൾ 40 (2) പ്രകാരം എയർ ടിക്കറ്റിന് പണം നൽകേണ്ട ഉത്തരവാദിത്തം ജീവനക്കാരനാണ്.

6. രാജി അല്ലെങ്കിൽ പിരിച്ചുവിടലിന് ശേഷം, ഫൈനൽ എക്സിറ്റിന് പകരം സ്പോൺസർഷിപ്പ് കൈമാറ്റം ചെയ്യാൻ ഒരു ജീവനക്കാരൻ തൊഴിലുടമയോട് ആവശ്യപ്പെട്ടാൽ , എയർ ടിക്കറ്റിന് പണം നൽകുന്നതിന് തൊഴിലുടമ ബാധ്യസ്ഥനല്ല.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 (3) പ്രകാരം പുതിയ തൊഴിലുടമ സ്പോൺസർഷിപ്പ് കൈമാറ്റ ചെലവ് വഹിക്കേണ്ടതുമാണ്.

7. ഒരു പ്രവാസി ജീവനക്കാരൻ മരിച്ചാൽ, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 (4) പ്രകാരം മൃതദേഹം സൗദി അറേബ്യയിൽ സംസ്‌കരിക്കാത്തപക്ഷം മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ചെലവ് നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.

8. കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും വേണ്ടിയുള്ള വിമാന ടിക്കറ്റുകൾ സൗദി തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല, തൊഴിലുടമയുമായുള്ള കരാറിൽ ഇത് ഉൾപ്പെടുന്നു. തൊഴിൽ കരാർ നിങ്ങൾക്ക് ഒരു കുടുംബ സ്റ്റാറ്റസ് വ്യക്തമായി നൽകുകയും കുടുംബാംഗങ്ങളുടെ വിമാന ടിക്കറ്റുകൾക്കായി പണമടയ്ക്കാനുള്ള ഒരു വ്യവസ്ഥ അടങ്ങിയിരിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് അതിന് അർഹതയുണ്ട്. (തുടരും)

അടുത്ത ഭാഗം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾ അടുത്ത ഭാഗങ്ങളിൽ വിശദീകരിക്കും:  നോട്ടീസ് കാലാവധി, കരാർ കാലാവധി പൂർത്തിയാക്കാതെയുള്ള രാജി, സേവന ആനുകൂല്യങ്ങൾ (എൻ്റ് ഓഫ് സർവ്വീസ് ബെനിഫിറ്റ്), തൊഴിൽ മാറ്റം, ജോലി സ്ഥലത്ത് വെച്ച് മരണമോ വൈകല്യമോ സംഭവിച്ചാലുള്ള ആനൂകൂല്യങ്ങൾ, തൊഴിലാളിയെ സ്ഥലം മാറ്റൽ, അധിക ജോലി, എമർജൻസി ലീവ്, ശമ്പളം കുറക്കൽ, തൊഴിൽ സർട്ടിഫിക്കറ്റ്  തുടങ്ങി ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട നിയമ വ്യവസ്ഥകളാണ് അടുത്ത ഭാഗങ്ങളിൽ വിശദീകരിക്കുക. അത് ലഭിക്കാനായി ന്യൂസ് ഡെസ്കിൻ്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

https://chat.whatsapp.com/KhLrelG2zkY49yYeReHjTL

 

 

Share

One thought on “പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പുതിയ തൊഴിൽ നിയമങ്ങളും അവകാശങ്ങളും – ഭാഗം 1

Comments are closed.

error: Content is protected !!