ഹമാസ് തലവന്‍ യഹിയ സിന്‍വാറിൻ്റെ മരണം തലക്ക് വെടിയേറ്റ്; മൃതദേഹത്തില്‍നിന്ന് വിരലുകള്‍ മുറിച്ചെടുത്ത് ഇസ്രയേല്‍, തിരിച്ചടിക്കൊരുങ്ങി ഹമാസ്, ഇസ്താംബൂളിൽ തുർക്കി-ഹമാസ് നേതാക്കളുടെ സുപ്രധാന ചർച്ച
ജറുസലേം: ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് ഇസ്രയേല്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ഡോ.ചെന്‍ കുഗേനാണ് വിവരം പുറത്തുവിട്ടത് .ടാങ്ക് ഷെല്ലില്‍നിന്ന് ഉള്‍പ്പെടെ യഹിയയ്ക്ക് മറ്റ് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ തലയിലേറ്റ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്. പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായിരുന്നു സിന്‍വാര്‍.
.
ഇസ്രയേല്‍ സൈന്യം റെയ്ഡ് നടത്തുന്നതിന് മുമ്പ് ഒളിത്താവളത്തിന് നേരെ വെടിവെയ്പ്പ് നടത്തിയിരുന്നു. ഇസ്രയേല്‍ ഗ്രൗണ്ട് ഫോഴ്‌സിന്റെ (ഐ.ഡി.എഫ്) 828 ബ്രിഗേഡ് റാഫയിലെ ടെല്‍ അല്‍-സുല്‍ത്താന്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവര്‍ ഇവിടെ നടത്തിയ പരിശോധനയിലാണ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യഹിയയുടേത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ മൃതദേഹത്തില്‍നിന്ന് വിരലുകള്‍ മുറിച്ചെടുത്തു.
.
തടവുകാരുമായുള്ള കൈമാറ്റ ഇടപാടില്‍ 2011-ല്‍ മോചിതനാകുന്നതുവരെ രണ്ട് പതിറ്റാണ്ടോളം സിന്‍വാര്‍ ഇസ്രയേല്‍ ജയിലായിരുന്നു. ഈ സമയത്ത് ശേഖരിച്ച ഡി.എന്‍.എ സാംപിളുമായി ഒത്തുനോക്കിയാണ് മൃതദേഹം സിന്‍വാറിന്റേത് തന്നെയാണെന്ന് ഉറപ്പാക്കിയത്. ഇസ്രയേല്‍ സൈന്യം ആദ്യം ദന്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും അതിലൂടെ ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ചീഫ് പാത്തോളജിസ്റ്റ് അറിയിച്ചു.
.
യഹിയയുടെ കൊലപാതകത്തിന് മറുപടി നല്‍കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് പോകുകയാണെന്നാണ് ഹമാസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്. പുതിയ തലവന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ഹമാസ് തീരുമാനം എടുത്തിട്ടില്ല. യഹിയയുടെ സഹോദരനായ മുഹമ്മദ് സിന്‍വാറിനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഹമാസിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അക്രമത്തില്‍ നേതാക്കള്‍ കൊല്ലപ്പെട്ടാന്‍ ഉടന്‍ തന്നെ പുതിയ തലവനെ കണ്ടെത്തുന്ന രീതിയാണുള്ളത്.
.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു യഹിയ സിന്‍വാര്‍. 1200-ലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തില്‍ ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗാസയില്‍ 40,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. യഹിയയുടെ കൊലപാതകത്തോടെ ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരുടെ ജീവനും അപകടത്തിലാണ്. ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്യുന്നത് വരെ ബന്ദികളാക്കിയവരെ തിരിച്ചയിക്കില്ലെന്ന് സിന്‍വാറിന്റെ ഡെപ്യൂട്ടി ഖലീല്‍ അല്‍-ഹയ്യ അറിച്ചിട്ടുണ്ട്.
.
അതസമയം യഹ്‌യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തുർക്കി വിദേശകാര്യ മന്ത്രി. ഇസ്താംബൂളിലായിരുന്നു ഹമാസ് നേതാക്കളെ തുർക്കി മന്ത്രി ഹകാൻ ഫിദാൻ കണ്ടത്. ഹമാസ് ഷൂറാ കൗൺസിൽ തലവൻ മുഹമ്മദ് ദർവീഷും രാഷ്ട്രീയവിഭാഗത്തിലെ പ്രമുഖ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
.
.
ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു നേതാക്കൾ നേരിൽ കണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സിൻവാറിന്റെ മരണത്തിനു പിന്നാലെയുള്ള കൂടിക്കാഴ്ചയ്ക്കു കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യോഗത്തിൽ ഹമാസ് നേതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചതായി ഫിദാൻ തന്നെ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
.
ഇസ്രായേൽ ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടെയും കൈമാറ്റത്തിലൂടെ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കുന്നതിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി ഹകാൻ ഫിദാൻ അറിയിച്ചു. ഗസ്സയിലെ മാനുഷിക ദുരിതത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ വികാരമുണർത്താനായി തുർക്കി സാധ്യമായ എല്ലാ നയതന്ത്രവഴികളും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ഫലസ്തീൻ സംഘടനകൾക്കിടയിലെ അനുരഞ്ജനശ്രമങ്ങളും ചർച്ചയായതായി ‘അൽമോണിറ്റർ’ റിപ്പോർട്ട് ചെയ്യുന്നു.
ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസ് രാഷ്ട്രീയ വിഭാഗത്തിലെ പ്രമുഖ നേതാക്കളായ ഖലീൽ അൽഹയ്യ, മൂസ അബൂ മർസൂക്, സാഹിർ ജബാറീൻ തുടങ്ങിയവരും തുർക്കി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. അഥിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തുർക്കിയിലെത്തിയിട്ടുണ്ട്. ഇന്ന് അങ്കാറയിൽ ഹകാൻ ഫിദാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.