പി.പി ദിവ്യക്ക് സ്വന്തം വാക്ക് തിരിഞ്ഞുകൊത്തി; പടിയിറങ്ങുന്നത് പാര്‍ട്ടി വളര്‍ത്തികൊണ്ടുവന്ന യുവനേതാവ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു ദിവ്യയെ നീക്കി. കെ.കെ.രത്‌നകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സി.പി.എമ്മിന്റെ കണ്ണൂരിലെ ഭാവി മുഖങ്ങളിലൊന്നായിരുന്നു പി.പി ദിവ്യ. വനിതകളെ വലിയ രീതിയില്‍ പാര്‍ട്ടി പരിഗണിച്ച് തുടങ്ങിയ ഈ കാലത്ത് വലിയ രാഷ്ട്രീയ ഭാവിയായിരുന്നു ദിവ്യയെ കാത്തിരുന്നത്. എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെയെത്തി പി.പി ദിവ്യ നടത്തിയ പ്രസംഗത്തിലെ വരികള്‍ പോലെ ‘ഒരു നിമിഷം’ കൊണ്ടാണ് എല്ലാം മാറി മറിഞ്ഞത്.
ജനിച്ച നാടിന്റെ സ്വാധീനമാണ് പുതിയപുരയില്‍ ദിവ്യയെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. പാര്‍ട്ടി ഗ്രാമത്തിലെ നിരന്തര രാഷ്ട്രീയ ഇടപെടലുകളും നാടകപ്രവര്‍ത്തനായ അച്ഛന്റെ സ്വാധീനവും സഖാക്കളുമായുള്ള ആത്മബന്ധങ്ങളുമെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ദിവ്യയെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചു. ഇരിണാവ് എല്‍.പി സ്‌കൂള്‍, കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലിം യു.പി സ്‌കൂള്‍, ചെറുകുന്ന് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
കണ്ണൂര്‍ കൃഷ്ണമേനോൻ സ്മാരക ഗവ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെയാണ് സജീവ എസ്.എഫ്.ഐ സംഘടനപ്രവര്‍ത്തകയായി ദിവ്യ മാറുന്നത്. പിന്നീട് മലയാള ബിരുദ പഠനത്തിന് അവിടെ ചേരുമ്പോഴേക്കും കോളേജിന് പുറത്തേക്ക് സംഘടനാ പ്രവര്‍ത്തനം വളര്‍ന്നിരുന്നു. എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന ഉപഭാരവാഹിയുമായി. ഇപ്പോള്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. 2005 മുതല്‍ 2010 വരെ ദിവ്യ ചെറുകുന്ന് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്നു. 2010-15 ല്‍ കല്യാശേരി ഡിവിഷനില്‍ നിന്ന് ജയിച്ച് വൈസ് പ്രസിഡന്റായി.
പി.കെ ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ ശൈലജയ്ക്കും പിന്നാലെ സി.പി.എം വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് ദിവ്യ. ഇവരൊക്കെ എത്തിയ പോലെ തന്നെ എം.എല്‍.എ സ്ഥാനവും മന്ത്രി സ്ഥാനവും പാര്‍ട്ടി സംസ്ഥാന നേതൃത്വവുമെല്ലാം ദിവ്യക്കും പ്രതീക്ഷിച്ചവര്‍ ഏറെയാണ്. അവിടെ നിന്നാണ് ഒരു നിമിഷത്തിന്റെ തീര്‍ത്തും അപക്വമായൊരു നടപടിയില്‍ ദിവ്യ കാലിടറി വീണിരിക്കുന്നത്. ഒടുവില്‍ നവീന്‍ ബാബുവിന്റെ ചിതയെരിയും മുന്‍പ് തന്നെ രാജിവെച്ച് ഒഴിയേണ്ടിയും വന്നിരിക്കുകയാണ്.
നവീന്‍ ബാബുവിന്റെ ആത്മഹത്യാ വാര്‍ത്തയെ തുടര്‍ന്ന് പുറത്ത് വന്ന സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിന്റെ പ്രതികരണത്തില്‍ തന്നെ ദിവ്യയെ കൈവിടുകയാണെന്ന സൂചനകള്‍ വ്യക്തമായിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ്യ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിലെ നടപടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വൈകാതെ പോലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് ദിവ്യയുടെ രാജി ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. തന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന പാര്‍ട്ടി നിലപാട് താന്‍ ശരിവെക്കുന്നതായി രാജി വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ദിവ്യ കുറിച്ചു. നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ദിവ്യ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കത്തിന്റെ പൂര്‍ണരൂപം
കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദു:ഖനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കുചേരുന്നു. പോലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും എന്റെ പ്രതികരണത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു.