മദ്രസാ ബോർഡുകൾ പിരിച്ചുവിടണം, സർക്കാർ ധനസഹായം നിർത്തണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍; കേരളത്തിൽ അത്തരം മദ്രസകളില്ലെന്ന് അധികൃതർ

ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചു. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
.
മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തില്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്‌. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു.
.
മദ്രസകളില്‍ പഠിക്കുന്ന മുസ്‌ലിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ കൂടി ചേര്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്കുള്ള വേതനം വര്‍ധിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കിടയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ മദ്രസകള്‍ നിര്‍ത്തലാക്കാനാവശ്യപ്പെട്ട് കത്തയച്ചതെന്നും ശ്രദ്ധേയമാണ്.
.
നേരത്തെ മദ്രസകളില്‍ നല്‍കിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ആശങ്കയറിയിച്ച് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2004ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാടറിയിച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ മദ്രസകള്‍ വരുന്നില്ലെന്നതിനാല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേതുപോലെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലന്നു വിദ്യാഭ്യാസ അവകാശനിയമത്തില്‍ പറയുന്ന ഉച്ചഭക്ഷണം, യൂണിഫോം, പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം എന്നിവയും ലഭിക്കുന്നില്ലെന്നും അന്ന് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
.
അതേസമയം മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ബോര്‍ഡുകളില്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മദ്രസാ അധ്യാപകരുമില്ല. അതിനാല്‍ തന്നെ കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തിന് ബാധകമാകില്ല. ഇത് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണ് നേരിട്ട് ബാധിക്കുക. അത്തരം ബോര്‍ഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിക്കുന്നു.

.


.
ആകെയുള്ളത് മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി മാത്രമാണ്. ഇതും പ്രതിമാസം അവരിൽ നിന്ന് പിരിക്കുന്ന തുകയില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനാണ് ഉപയോഗിക്കുന്നത്. മദ്രസാ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. ക്ഷേമനിധിയില്‍ മദ്രസ മാനേജ്മെന്റും മദ്രസയിലെ അധ്യാപകരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്റെ പലിശ പോലും മതവിരുദ്ധമായതിനാല്‍ ക്ഷേമനിധിയിലേക്ക് വാങ്ങാറുമില്ല.
.

ക്ഷേമനിധി രൂപീകരിച്ചു നല്‍കിയപ്പോള്‍ കോര്‍പ്പസ് ധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ യാതൊരു ഫണ്ടും സര്‍ക്കാരിന്റെതില്ല. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ തീരുമാനം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുന്നതാണ്. സംസ്ഥാനത്ത് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് അതാത് മഹല്ല് കമ്മിറ്റികള്‍ക്ക് കീഴിലാണ്. ഇത്തരം മദ്രകള്‍ അടച്ചുപൂട്ടിക്കുമെന്ന പ്രചരണം ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും.
.
കേരളം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഇക്കാര്യത്തിലും നിലകൊള്ളുന്നത്. കേരളത്തില്‍ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നേടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെയാണ്. എന്നാല്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങി നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതല്ല സാഹചര്യം. പൊതുവിദ്യാഭ്യാസത്തിന് അവസരങ്ങള്‍ കുറവുള്ള ചില മേഖലകളില്‍ മദ്രസകളെയാണ് വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത്.
.
ഉത്തര്‍പ്രദേശില്‍ തന്നെ 120 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസകളുണ്ട്. ഏതാണ്ട് 17 ലക്ഷം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നതെന്നാണ് കണക്ക്. ഇതില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള 16500 മദ്രസകളുണ്ട്. ഇതില്‍ 500 എണ്ണത്തിന് സര്‍ക്കാര്‍ ഫണ്ടും കൊടുക്കുന്നുണ്ട്. ഇതേപോലെ ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇത്തരം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് മതവിശ്വാസത്തിലുള്ളവരും മദ്രസകളില്‍ പഠിക്കുന്നുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരം മദ്രസകള്‍ക്കാണ് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ തീരുമാനം ബാധിക്കുക.
.
എന്നാൽ ബാലാവകാശ കമ്മീഷന്റെ കത്തിനെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടണമെന്നും എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ അന്ധമായി നടപ്പിലാക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി വക്താവ് എ.കെ ബാജ്‌പെയ് പ്രതികരിച്ചു.
.

മദ്രസകൾ അടച്ചു പൂട്ടാനുള്ള നിർദേശം: ഉത്തരേന്ത്യൻ കുട്ടികളുടെ അവകാശ നിഷേധം; നേരിടുമെന്ന് സമസ്ത

Share
error: Content is protected !!