ചുഴലിക്കാറ്റിനിടെ മത്സ്യത്തൊഴിലാളി കടലിലേക്ക് തെറിച്ച് വീണു; കൂളറിൽ അള്ളിപ്പിടിച്ചു കിടന്നത് 18 മണിക്കൂർ – വീഡിയോ
ഫ്ലോറിഡ: മിൽട്ടൻ ചുഴലിക്കാറ്റിനെ തുടർന്ന് പ്രക്ഷുബ്ധമായ മെക്സിക്കൻ ഉൾക്കടലിൽ ജീവനും കയ്യിൽ പിടിച്ച് മത്സ്യത്തൊഴിലാളി കിടന്നത് 18 മണിക്കൂർ. അതും ഒരു കൂളറിന്റെ മുകളിൽ. യുഎസിലെ ലോംഗ്ബോട്ട് കീയിൽ നിന്ന് 30 മൈൽ അകലെ കടലിന് നടുവിലാണ് കൂളറിന് മുകളിൽ കിടന്നിരുന്ന ആളെ യുഎസ് കോസ്റ്റ് ഗാർഡ് സംഘം കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും 18 മണിക്കൂർ മഴയിലും കാറ്റിലും ഭക്ഷണമില്ലാതെ കൂളറിന് മുകളിൽ കിടക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
.
“ഏറ്റവും പരിചയസമ്പന്നനായ നാവികനെപ്പോലും ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തെയാണ് ഈ മനുഷ്യൻ അതിജീവിച്ചത്.” കമാൻഡ് സെന്റർ ചീഫ് ലെഫ്റ്റനന്റ് സിഎംഡിആർ ഡാന ഗ്രേഡി പറഞ്ഞു. രക്ഷപ്പെട്ടയാളുടെ പേരുവിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇദ്ദേഹത്തെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
.
In the wake of Hurricane Milton, a man was found floating 30 miles off of Florida’s Gulf Coast clinging to a cooler.
‘This man survived in a nightmare scenario for even the most experienced mariner,’ said Lt. Cmdr. Dana Grady, Sector St. Petersburg’s command center chief.
The… pic.twitter.com/QvMWNpwG8T
— USA 24×7 (@USA24X7) October 11, 2024
.
ജോൺസ് പാസിൽ നിന്ന് 20 മൈൽ അകലെ വച്ചാണ് മത്സ്യത്തൊഴിലാളി സഞ്ചരിച്ചിരുന്ന ബോട്ട് പ്രവർത്തനരഹിതമായത്. തുടർന്ന് കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ടു. എന്നാൽ മിൽട്ടൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ബോട്ട് മുങ്ങുകയായിരുന്നു. 8 അടി ഉയരത്തിലാണ് തിരമാലകൾ ഉയർന്നതെന്ന് രക്ഷപ്പെട്ടെത്തിയ നാവികൻ പറയുന്നു. ഇതോടെ കോസ്റ്റ് ഗാർഡുമായുണ്ടായിരുന്ന റേഡിയോ ബന്ധം തടസപ്പെട്ടു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ക്യാപ്റ്റന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് ബോട്ടിന്റെ എമർജൻസി പൊസിഷൻ സൂചിപ്പിക്കുന്ന റേഡിയോ ബീക്കണ് മാത്രമായിരുന്നു. എന്നാൽ ചുഴലിക്കാറ്റിനിടെ അതിലെ സിഗ്നൽ സംവിധാനവും തകരാറിലായി.
.
ബോട്ടിലുണ്ടായിരുന്ന കൂളറാണ് ക്യാപ്റ്റന് പിന്നീട് തുണയായത്. ചുഴലിക്കാറ്റ് ശമിച്ചതോടെ എമർജൻസി ലൊക്കേറ്റർ ബീക്കണിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു തുടങ്ങി. ഇതോടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഇദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ ഇദ്ദേഹത്തെ ടാംപ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
.