സർക്കാരിനെ വിടാതെ പിന്തുടർന്ന് കാന്തപ്പുരം വിഭാഗം; പൊലീസിലെ സംഘപരിവാർ പ്രീണനത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിറാജ് ദിനപത്രം

കോഴിക്കോട്: കേരള പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരേ രൂക്ഷവിമർശനവുമായി സുന്നി കാന്തപുരം വിഭാ​ഗം മുഖപത്രം സിറാജ്. കേരള പോലീസിന്റെ പല നടപടികളിലും ആർ.എസ്.എസ് വിധേയത്വം പ്രകടമാണെന്നും ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മയാണ് പോലീസിലെ സംഘപരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നതെന്നും ‘സിറാജ്’ മുഖപ്രസംഗത്തിൽ ആരോപിച്ചു. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ എത്ര പരാതികൾ ഉയർന്നാലും കേസ് ചാർജ് ചെയ്യുന്നത് അപൂർവമാണെന്നും അഥവാ നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കും.
.
അതേസമയം, സംഘപരിവാർ വിരുദ്ധ നിലപാടുകാരായ സാമൂഹിക- രാഷ്ട്രീയപ്രവർത്തകർക്കും ന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്കുമെതിരേ കർശന നടപടികൾ സ്വീകരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്, നിരന്തരം വിദ്വേഷപ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ ലഭിച്ച പരാതികളിൽ ഒന്നിൽ പോലും നിയമനടപടി സ്വീകരിക്കാത്തത് തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജിലെ മുഖപ്രസം​ഗം.
.
നിയമനടപടികളിൽ സംഘപരിവാർ വിധേയത്വം കാണിക്കുക മാത്രമല്ല, അതീവ രഹസ്യമായ ഫയലുകളടക്കം പോലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആർ.എസ്.എസ് സെൽ, സംഘപരിവാർ കേന്ദ്രങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് ഇന്റലിജൻസ് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘപരിവാർ അനുകൂലികളായ പോലീസുകാരെ കണ്ടെത്തി വിവരം നൽകാൻ ആഭ്യന്തരവകുപ്പ് പോലീസ് മേധാവികളോട് ആവശ്യപ്പെടുകയുമുണ്ടായി. ശബരിമല വിവാദ കാലത്ത് ക്ഷേത്രപ്രവേശനത്തിനായി സ്ത്രീകൾ എത്തുന്ന വിവരം മറ്റുള്ളവർക്ക് മുമ്പേ ആർ.എസ്.എസുകാർക്കു ലഭിച്ചത് പോലീസിൽ നിന്നായിരുന്നല്ലോ.
.
സാധാരണഗതിയിൽ പോലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതിയാണ് ഉയരാറുള്ളത്. എന്നാൽ കേരള പോലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആർ എസ് എസിന്റെ ഉപകരണമായി മാറുന്നുവെന്നാണ് പരാതി. ഭരണകക്ഷിയെ എതിർക്കുന്നവർ മാത്രമല്ല, ഭരണപക്ഷത്തെ സി.പി.ഐ ഉൾപ്പെടെ ഈ ആരോപണമുന്നയിക്കുന്നു. പാർട്ടി യോഗങ്ങളിൽ സി.പി.എമ്മുകാരിൽ നിന്നും ഉയരുന്നുണ്ട് ഈ പരാതിയെന്നാണ് വിവരം.
.
അത്രയും ശക്തമാണ് പോലീസിലെ ആർ.എസ്.എസ് സ്വാധീനം. സർവീസ് കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും അത് ലംഘിച്ചും ഔദ്യോഗിക സ്വാധീനം ഉപയോഗപ്പെടുത്തിയും ഒരു വിഭാഗം കാവിവത്കരണ പരിപാടികൾ ഊർജിതമായി നടത്തുമ്പോൾ ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മയാണ് പോലീസിലെ സംഘപരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നത്, മുഖപ്രസം​ഗം ആരോപിക്കുന്നു.
.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം നേരത്തേരം​ഗത്ത് എത്തിയിരുന്നു. ലോക്​സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സി.പി.എം വീണുവെന്നായിരുന്നു എസ്.എസ്.എഫ് മുഖപത്രമായ രിസാല വാരികയുടെ മുഖപ്രസം​ഗത്തിൽ ആരോപിച്ചത്. പിണറായി വിജയൻ ആരുടെ പി.ആർ ഏജൻസി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് കാന്തപുരം വിഭാ​ഗം ലേഖനത്തിൽ കുറ്റപ്പെടുത്തി. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചകളെ സി.പി.എം നിസാരവത്കരിക്കുന്നുവെന്ന് പറയുന്ന ലേഖനത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാറിനെതിരേ നടപടി സ്വീകരിക്കാത്തത് എന്തിന്റെ തെളിവാണെന്നും ചോദിച്ചിരുന്നു.
.
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ സിപിഎമ്മിന് ഉത്തരമില്ല. അഭിമുഖം ബി.ജെ.പിക്ക് ഗുണകരമായ രീതിയിൽ പ്രചരിച്ചു. മലപ്പുറത്തെ ക്രിമിനൽ തലസ്ഥാനമാക്കാനുള്ള ഹിന്ദുത്വവർഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചെലവിൽ നടപ്പിലാക്കി. പൊലീസിന്റെ മനോവീര്യം തകർക്കരുതെന്ന ക്യാപ്​സ്യൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നത്. പൊലീസ് ഭാഷ്യങ്ങളെ മുഴുവൻ വെള്ളം തൊടാതെ മുഖ്യമന്ത്രി നിരന്തരം ന്യായീകരിക്കുന്നു എന്നിങ്ങനെ ആയിരുന്നു ലേഖനത്തിലെ വിമർശനങ്ങൾ.
.

Share
error: Content is protected !!